തിരുവനന്തപുരം: നിയമസഭയിൽ ജനപ്രതിനിധികൾ ഉന്നയിക്കുന്ന ചോദ്യങ്ങൾക്കും ആശങ്കകൾക്കും മറുപടി നൽകേണ്ട ബാധ്യത ഭരണകൂടത്തിനുണ്ടെന്നിരിക്കെ, ഒന്നാം പിണറായി സർക്കാരിന്റെ കാലത്തെ സുപ്രധാന ചോദ്യങ്ങൾ ഇപ്പോഴും ഉത്തരമില്ലാതെ ഫയലുകളിൽ ഉറങ്ങുന്നു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിദേശ സന്ദർശനങ്ങൾ, മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ, സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് എന്നിവരുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കാണ് 2021 ജനുവരി മുതൽ മറുപടി ലഭിക്കാത്തത്.
ചോദ്യങ്ങൾ 207, മറുപടി വെറും 33 എണ്ണത്തിന് മാത്രം
ഒന്നാം പിണറായി മന്ത്രിസഭയുടെ അവസാന നിയമസഭ സമ്മേളനത്തിൽ (2021 ജനുവരി 20) മുഖ്യമന്ത്രിയോട് ഭരണ-പ്രതിപക്ഷ എം.എൽ.എമാർ ആകെ 207 ചോദ്യങ്ങളാണ് ഉന്നയിച്ചത്. എന്നാൽ ഇതിൽ 33 ചോദ്യങ്ങൾക്ക് മാത്രമാണ് മുഖ്യമന്ത്രി മറുപടി നൽകിയത്. ബാക്കി 174 ചോദ്യങ്ങൾക്കും അന്ന് മറുപടി ലഭ്യമാക്കിയിരുന്നില്ല. 2026 ജനുവരി 15 ആയിട്ടും, അതായത് അഞ്ച് വർഷം പിന്നിടുമ്പോഴും ഈ ചോദ്യങ്ങൾക്ക് മറുപടി ഇല്ല.
അൻവർ സാദത്ത് എം.എൽ.എയുടെ നിർണ്ണായക ചോദ്യങ്ങൾ
അന്ന് പ്രതിപക്ഷത്തുനിന്ന് അൻവർ സാദത്ത് എം.എൽ.എ ഉന്നയിച്ച മൂന്ന് ചോദ്യങ്ങളാണ് നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ ഏറെ പ്രസക്തമാകുന്നത്. സ്വർണ്ണക്കടത്ത് വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ വിദേശയാത്രകളെയും ഉദ്യോഗസ്ഥ ഇടപെടലുകളെയും കുറിച്ചായിരുന്നു ആ ചോദ്യങ്ങൾ:
- മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കർ എത്ര പ്രാവശ്യം മുഖ്യമന്ത്രിയുടെ കൂടെ വിദേശ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്? ഏതൊക്കെ രാജ്യങ്ങളായിരുന്നു അവ?
- വിദേശ രാജ്യങ്ങൾ മുഖ്യമന്ത്രി സന്ദർശിക്കുന്നതിന് മുന്നോടിയായി അവിടങ്ങളിൽ ശിവശങ്കർ സന്ദർശനം നടത്തിയിരുന്നോ?
- അത്തരം വിദേശ സന്ദർശനങ്ങളിൽ സ്വർണ്ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ സാന്നിധ്യം ഉണ്ടായിരുന്നതായി കണ്ടെത്തിയിട്ടുണ്ടോ?
ഈ ചോദ്യങ്ങൾ ഉന്നയിക്കപ്പെട്ട് 5 വർഷങ്ങൾ കഴിഞ്ഞിട്ടും പിണറായിക്ക് മറുപടി ഇല്ല.
രണ്ടാം പിണറായി സർക്കാരിന്റെ അവസാന ബജറ്റ് സമ്മേളനം വരുന്നു
രണ്ടാം പിണറായി മന്ത്രിസഭയുടെ അവസാന നിയമസഭ സമ്മേളനം ഈ വരുന്ന ജനുവരി 20-ന് ആരംഭിക്കാനിരിക്കുകയാണ്. ജനുവരി 29-ന് ബജറ്റ് അവതരിപ്പിക്കും. മാർച്ച് 26 നാണ് സഭ സമ്മേളനം അവസാനിക്കുന്നത്.
അവസാന സഭ സമ്മേളനം ആയതിനാൽ മുഖ്യമന്ത്രി ഇത്തവണയും മറുപടി തരാത്ത പഴയ ശൈലി ആവർത്തിക്കുമോ എന്ന ചോദ്യമാണ് ഉയരുന്നത്.
![]()
