തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായകമായ കരുനീക്കങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയൻ. കേരള കോൺഗ്രസ് (എം) ചെയർമാൻ ജോസ് കെ. മാണിയും സംഘവും ഇടതുമുന്നണി വിട്ട് യു.ഡി.എഫിലേക്ക് മടങ്ങുമെന്ന അഭ്യൂഹങ്ങൾ ശക്തമാകുന്നതിനിടെയാണ് ജോസ് കെ. മാണിയെ അനുനയിപ്പിക്കാൻ പുതിയ നീക്കവുമായി സർക്കാർ രംഗത്തെത്തിയത്. മുൻ ധനമന്ത്രിയും കേരള കോൺഗ്രസ് സ്ഥാപക നേതാവുമായ കെ.എം. മാണിയുടെ സ്മാരകത്തിനായി തിരുവനന്തപുരം വെള്ളയമ്പലത്ത് 25 സെന്റ് സ്ഥലം അനുവദിക്കാൻ ഇന്നത്തെ മന്ത്രിസഭാ യോഗം തീരുമാനിച്ചു.
”ജോസ് മോനേ, ഞങ്ങളെ വിട്ട് പോകരുത്” എന്ന് മുഖ്യമന്ത്രി ഫോണിൽ വിളിച്ച് അഭ്യർത്ഥിച്ചു. മാണി സാറിന്റെ സ്മാരകം എന്ന വൈകാരിക വിഷയത്തിലൂടെ ജോസ് കെ. മാണിയെയും പാർട്ടിയെയും എൽ.ഡി.എഫിൽ തന്നെ ഉറപ്പിച്ചു നിർത്താനാണ് പിണറായി വിജയന്റെ കണക്കുകൂട്ടൽ.
അഞ്ചു വർഷത്തെ കാത്തിരിപ്പിന് വിരാമം
2019 ഏപ്രിൽ 9-നാണ് കെ.എം. മാണി അന്തരിച്ചത്. തൊട്ടടുത്ത വർഷം, 2020 ഫെബ്രുവരി 7-ന് തോമസ് ഐസക്ക് അവതരിപ്പിച്ച ബജറ്റിൽ കെ.എം. മാണി ഫൗണ്ടേഷന് സ്മാരകമന്ദിരം നിർമ്മിക്കാൻ 5 കോടി രൂപ വകയിരുത്തിയിരുന്നു. ഈ വാഗ്ദാനത്തിന് പിന്നാലെയാണ് ജോസ് കെ. മാണി വിഭാഗം യു.ഡി.എഫ് വിട്ട് എൽ.ഡി.എഫിന്റെ ഭാഗമായത്.
രണ്ടാം പിണറായി സർക്കാരിൽ റോഷി അഗസ്റ്റിൻ മന്ത്രിയായും, എൻ. ജയരാജ് ചീഫ് വിപ്പായും ചുമതലയേറ്റതോടെ കേരള കോൺഗ്രസ് (എം) ഭരണത്തിൽ വലിയ സ്വാധീനം നേടിയെടുത്തു. ജോസ് കെ. മാണി രാജ്യസഭാ എം.പിയായി വീണ്ടും തിരഞ്ഞെടുക്കപ്പെടുകയും ചെയ്തു. എന്നാൽ ഇത്രയേറെ രാഷ്ട്രീയ സ്വാധീനമുണ്ടായിട്ടും മാണി സാറിന്റെ സ്മാരകത്തിന് വേണ്ടി ഒരു കല്ലിടാൻ പോലും കഴിഞ്ഞ അഞ്ചു വർഷമായി ജോസ് കെ. മാണിക്ക് സാധിച്ചിരുന്നില്ല. ഇത് പാർട്ടി അണികൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു.
മുന്നണി മാറ്റ അഭ്യൂഹങ്ങൾക്കിടെയുള്ള നീക്കം
അടുത്ത നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി കേരള കോൺഗ്രസ് (എം) യു.ഡി.എഫിലേക്ക് മടങ്ങാൻ ചർച്ചകൾ നടത്തുന്നുണ്ടെന്ന വാർത്തകൾ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സജീവമാണ്. എൽ.ഡി.എഫ് സംഘടിപ്പിക്കുന്ന പല പ്രതിഷേധ പരിപാടികളിൽ നിന്നും ജോസ് കെ. മാണി വിട്ടുനിന്നത് ഈ സംശയങ്ങൾക്ക് ആക്കം കൂട്ടി. ഈ സാഹചര്യത്തിലാണ് വൈകാരികമായ ഒരു ഇടപെടലിലൂടെ ജോസ് കെ. മാണിയെ തടഞ്ഞുനിർത്താൻ മുഖ്യമന്ത്രി നേരിട്ട് രംഗത്തെത്തിയത്.
തലസ്ഥാന നഗരിയുടെ ഹൃദയഭാഗമായ വെള്ളയമ്പലത്ത് തന്നെ സ്മാരകത്തിനായി സ്ഥലം അനുവദിച്ചത് ജോസ് കെ. മാണിക്ക് രാഷ്ട്രീയമായി വലിയ ആശ്വാസമാകും. സ്മാരക നിർമ്മാണം ഉടൻ ആരംഭിക്കുന്നതിലൂടെ അണികളുടെ പ്രതിഷേധം തണുപ്പിക്കാനും മുന്നണി വിടാനുള്ള സാഹചര്യം ഒഴിവാക്കാനും സാധിക്കുമെന്ന് സി.പി.എം നേതൃത്വവും കരുതുന്നു.
![]()
