തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാരിന്റെ കാലത്തെ അവസാന പൂർണ്ണരൂപത്തിലുള്ള ബജറ്റ് ജനുവരി 29-ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കും. ബാലഗോപാൽ ധനമന്ത്രി എന്ന നിലയിൽ അവതരിപ്പിക്കുന്ന ആറാമത്തെ ബജറ്റാണിത്. 2021-ലെ പുതുക്കിയ ബജറ്റ് മുതൽ കഴിഞ്ഞ അഞ്ച് ബജറ്റുകളിൽ ജനങ്ങളെ ഞെട്ടിക്കുന്ന നികുതി വർധനവിന് നേതൃത്വം നൽകിയ മന്ത്രി ഇത്തവണ ചുവടുമാറ്റുമോ എന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.
ആറാം ബജറ്റ്; പരീക്ഷണം മാറുമോ?
2021-22 സാമ്പത്തിക വർഷത്തിലെ പുതുക്കിയ ബജറ്റും തുടർന്ന് 2025-26 വരെയുള്ള നാല് ബജറ്റുകളും ഉൾപ്പെടെ അഞ്ച് തവണയാണ് കെ.എൻ ബാലഗോപാൽ ഇതുവരെ സഭയിൽ ബജറ്റ് അവതരിപ്പിച്ചത്. എന്നാൽ ഇതിലൊന്നിൽ പോലും പാവപ്പെട്ടവന്റെ ക്ഷേമ പെൻഷനിൽ നൂറു രൂപ പോലും വർദ്ധിപ്പിക്കാൻ സർക്കാർ തയ്യാറായില്ല എന്നത് വലിയ വിമർശനങ്ങൾക്ക് വഴിതെളിച്ചിരുന്നു. ‘നികുതി കൊള്ള’ എന്ന ആക്ഷേപവും ജനദ്രോഹപരമായ സാമ്പത്തിക നയങ്ങളും മുൻ ബജറ്റുകളുടെ പ്രത്യേകതയായിരുന്നു.
തിരഞ്ഞെടുപ്പ് ചൂടിൽ ‘ജനപ്രിയ’ വേഷം?
ഏപ്രിലിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ, ഇത്തവണത്തെ ബജറ്റിൽ ജനങ്ങളെ പിണക്കാൻ സർക്കാർ മുതിരില്ലെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്. കഴിഞ്ഞ അഞ്ചു വർഷവും കണ്ട ഗവേഷണാത്മകമായ ‘നികുതി വർദ്ധനവുകൾ’ക്ക് പകരം ജനപ്രിയ പ്രഖ്യാപനങ്ങളുടെ പെരുമഴയ്ക്ക് സാധ്യതയുണ്ട്.
ബാധ്യത അടുത്ത സർക്കാരിന്
അവസാന ബജറ്റായതുകൊണ്ട് തന്നെ വാരിക്കോരി പ്രഖ്യാപനങ്ങൾ നടത്താൻ മന്ത്രിക്കു തടസ്സമുണ്ടാകില്ല. കാരണം, ബജറ്റിൽ പ്രഖ്യാപിക്കുന്ന തുക വകയിരുത്തേണ്ടതും പദ്ധതികൾ നടപ്പിലാക്കേണ്ടതും 2026-ൽ അധികാരത്തിൽ വരുന്ന പുതിയ സർക്കാരാണ്. അതുകൊണ്ട് തന്നെ കണ്ണും പൂട്ടി പ്രഖ്യാപനങ്ങൾ നടത്താനാണ് മുഖ്യമന്ത്രി പിണറായി നൽകിയിരിക്കുന്ന നിർദ്ദേശം.
![]()
