തിരുവനന്തപുരം: 2026-ലെ കേരള നിയമസഭാ തിരഞ്ഞെടുപ്പിലും ബി.ജെ.പിക്ക് അക്കൗണ്ട് തുറക്കുക എന്നത് എളുപ്പമാകില്ല. ഒരു സീറ്റ് പോലും നേടാതെ വീണ്ടും ‘സംപൂജ്യം’ എന്ന അവസ്ഥയിലേക്ക് ബി.ജെ.പി എത്തുമോ എന്ന ചർച്ചകൾ സജീവമാവുകയാണ്. 2016-ൽ നേമത്ത് നിന്ന് ഒ. രാജഗോപാൽ വിജയിച്ച ഒരൊറ്റ സംഭവം മാത്രമാണ് ബി.ജെ.പിക്ക് കേരളത്തിൽ എടുത്ത് പറയാനുള്ളത്. എന്നാൽ, 2021-ൽ ഈ ചരിത്രവിജയം ആവർത്തിക്കാൻ അവർക്കായില്ല.
നേമത്തെ ‘ത്രികോണ രഹസ്യം’
2021-ൽ നേമത്ത് ശക്തമായ ത്രികോണ മത്സരം നടന്നപ്പോൾ യു.ഡി.എഫ്. സ്ഥാനാർത്ഥിയായി കെ. മുരളീധരൻ രംഗത്തിറങ്ങിയതാണ് ഫലം മാറ്റിമറിച്ചത്. മുരളീധരൻ പിടിച്ച നിർണ്ണായക വോട്ടുകൾ കാരണം ഒ. രാജഗോപാൽ പരാജയപ്പെടുകയും, എൽ.ഡി.എഫ്. സ്ഥാനാർത്ഥി വി. ശിവൻകുട്ടി വിജയിക്കുകയും ചെയ്തു. ശക്തമായ ത്രികോണ മത്സരം നടന്നാൽ, ബി.ജെ.പിക്ക് ഏറ്റവും സ്വാധീനമുള്ള നേമത്ത് പോലും വിജയം അപ്രാപ്യമാണ് എന്ന് ഈ ഫലം വ്യക്തമാക്കുന്നു.
രാജീവ് ചന്ദ്രശേഖറും ‘ആര്യ ഫാക്ടറും’
ഇത്തവണ നേമത്ത് രാജീവ് ചന്ദ്രശേഖർ മത്സരിക്കും എന്ന് തുറന്ന് പറഞ്ഞിട്ടുണ്ട്. എന്നാൽ, രാജീവ് ചന്ദ്രശേഖറിന് ജയിക്കണമെങ്കിൽ നിലവിലെ എൽ.ഡി.എഫ്. സ്ഥാനാർത്ഥി ശിവൻകുട്ടിക്ക് പകരം തിരുവനന്തപുരം മേയറായ ആര്യ രാജേന്ദ്രൻ സ്ഥാനാർത്ഥിയാകണം. ആര്യ രാജേന്ദ്രൻ നേമത്ത് സ്ഥാനാർത്ഥിയായാൽ, ബി.ജെ.പിക്ക് ജയിക്കാൻ സാധിക്കുമെന്നാണ് രാഷ്ട്രിയ നിരീക്ഷകരുടെ വിലയിരുത്തൽ.
കെ. മുരളീധരൻ വട്ടിയൂർക്കാവിലേക്ക്
അതേസമയം, നേമത്ത് ബി.ജെ.പിയുടെ തോൽവിക്ക് പ്രധാന കാരണമായ കെ. മുരളീധരൻ അടുത്ത തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവിലേക്ക് മത്സരിക്കാൻ ഒരുങ്ങുന്നതായാണ് സൂചന. മുമ്പ് 2011-ലും 2016-ലും ശക്തമായ ത്രികോണ മത്സരം നടന്ന വട്ടിയൂർക്കാവിൽ കെ. മുരളീധരൻ വിജയിച്ചിരുന്നു. അദ്ദേഹം വീണ്ടും ഇവിടെ മത്സരിക്കുകയാണെങ്കിൽ യു.ഡി.എഫ്. നിഷ്പ്രയാസം വിജയിക്കും.
കേന്ദ്ര ഇടപെടൽ നിർണ്ണായകം?
ചുരുക്കത്തിൽ, ആര്യ രാജേന്ദ്രൻ നേമത്ത് സ്ഥാനാർത്ഥിയായാൽ മാത്രമേ രാജീവ് ചന്ദ്രശേഖറിന് വിജയിക്കാൻ കഴിയൂ. കേന്ദ്രത്തിൽ നിന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, ആഭ്യന്തര മന്ത്രി അമിത് ഷായോ ഇടപെട്ട്, സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയൻ വഴി നേമത്ത് ആര്യയെ സ്ഥാനാർത്ഥിയാക്കാൻ ‘സമ്മർദ്ദം’ ചെലുത്തിയാൽ മാത്രം ബി.ജെ.പിക്ക് 2026-ൽ അക്കൗണ്ട് തുറക്കാൻ സാധ്യതയുണ്ട്. അല്ലാത്തപക്ഷം, വീണ്ടും ‘നോ രക്ഷ’ എന്നായിരിക്കും ബി.ജെ.പിയുടെ കേരളത്തിലെ അവസ്ഥ.
![]()
