തിരുവനന്തപുരം: മസാല ബോണ്ട് ഇടപാടിൽ ഫെമ (FEMA) നിയമം ലംഘിച്ചു എന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയന് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) നോട്ടീസ് അയച്ചു.
നേരത്തെ, സംസ്ഥാനത്ത് വലിയ കോളിളക്കം സൃഷ്ടിച്ച മാസപ്പടി കേസിൽ മുഖ്യമന്ത്രിയുടെ മകൾ വീണ വിജയനെ കേന്ദ്ര ഏജൻസികൾ ചോദ്യം ചെയ്തിരുന്നു. കൂടാതെ, മുഖ്യമന്ത്രിയുടെ മകൻ വിവേക് വിജയന് വർഷങ്ങൾ പഴക്കമുള്ള ലാവലിൻ കേസിൽ സമൻസ് ലഭിക്കുകയും ചെയ്തു.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ നിന്ന് നോട്ടീസുകളോ സമൻസുകളോ ലഭിക്കാത്തത് മുഖ്യമന്ത്രിയുടെ ഭാര്യ കമല വിജയന് മാത്രമാണ്. മുഖ്യമന്ത്രി ഭാര്യ കമലയുമൊത്ത് 3 ദിവസത്തെ ദുബായ് സന്ദർശനത്തിലാണ്.
അതേസമയം, നീണ്ട അന്വേഷണത്തിനൊടുവിലാണ് പിണറായി വിജയൻ, മുൻ ധനമന്ത്രി തോമസ് ഐസക്, കിഫ്ബി സിഇഒ കെ.എം. എബ്രഹാം എന്നിവർക്ക് എതിരെ അഡ്ജുഡിക്കേറ്റിങ് അതോറിറ്റി മുൻപാകെ ഇ.ഡി. പരാതി സമർപ്പിച്ചത്.
മസാല ബോണ്ട് വഴി സമാഹരിച്ച പണം അടിസ്ഥാനസൗകര്യ വികസന പദ്ധതികൾക്ക് വിനിയോഗിച്ചത് ഫെമ ചട്ടലംഘനമെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ. 2019-ൽ 9.72 ശതമാനം പലിശയ്ക്കാണ് ലണ്ടൻ സ്റ്റോക്ക് എക്സ്ചേഞ്ചിൽ മസാല ബോണ്ടിറക്കി 2150 കോടി സമാഹരിച്ചത്. 2019 ജനുവരി 17-ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണ് ബോണ്ടിറക്കാനുള്ള നടപടികൾ പൂർത്തിയാക്കാൻ തീരുമാനിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി നേരത്തെ രണ്ടുതവണ അന്നത്തെ ധനമന്ത്രിയായിരുന്ന തോമസ് ഐസകിന് ഇഡി നോട്ടീസ് നൽകിയിരുന്നു
![]()
