തിരുവനന്തപുരം: “ഓരോ ഫയലും ഓരോ ജീവിതമാണ്” എന്ന് ഭരണസിരാകേന്ദ്രത്തിലെ ജീവനക്കാരെയും ജനങ്ങളെയും ഓർമ്മിപ്പിച്ച് പ്രസംഗിച്ച മുൻ മുഖ്യമന്ത്രി പിണറായി വിജയൻ പടിയിറങ്ങിയത് ലക്ഷക്കണക്കിന് സാധാരണക്കാരുടെ ജീവിതപ്രശ്നങ്ങൾ ചുവപ്പുനാടയിൽ കുടുക്കിയിട്ടാണെന്ന് വ്യക്തമാക്കുന്ന കണക്കുകൾ പുറത്ത്. മുൻ സർക്കാരിന്റെ കാലയളവിൽ സെക്രട്ടേറിയേറ്റിൽ തീർപ്പാക്കാതെ കെട്ടിക്കിടക്കുന്നത് 2.43 ലക്ഷത്തിലധികം ഫയലുകൾ.
തുടർച്ചയായ രണ്ട് ഊഴങ്ങളിൽ ഭരണം നയിച്ചിട്ടും പ്രസംഗത്തിലെ വാഗ്ദാനങ്ങൾ പ്രവൃത്തിയിൽ കൊണ്ടുവരാൻ പിണറായി വിജയൻ സർക്കാരിന് സാധിച്ചില്ലെന്ന വലിയ വിമർശനമാണ് ഇതോടെ ഉയർന്നുവരുന്നത്. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങളും പരാതികളും അടങ്ങിയ ഫയലുകൾ വർഷങ്ങളോളം തീരുമാനമാകാതെ നീണ്ടുപോയത് ഭരണനിർവ്വഹണത്തിലെ ഗുരുതരമായ വീഴ്ചയാണെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു.
ഈ സാഹചര്യത്തിൽ, കെട്ടിക്കിടക്കുന്ന ഫയലുകൾ അടിയന്തരമായി തീർപ്പാക്കാൻ ശക്തമായ നടപടികളുമായി യു.ഡി.എഫ് സർക്കാർ രംഗത്തെത്തി. ഇന്ന് ചേർന്ന സംസ്ഥാന മന്ത്രിസഭാ യോഗത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രത്യേക ‘ഫയൽ അദാലത്ത്’ പ്രഖ്യാപിച്ചു.
മുഖ്യമന്ത്രി വി.ഡി. സതീശന്റെ പ്രതികരണം:
”സർക്കാർ ഓഫിസുകളിലെ കെട്ടിക്കിടക്കുന്ന ഓരോ ഫയലിനു പിന്നിലും സാധാരണക്കാരായ മനുഷ്യരുടെ പ്രതീക്ഷകളും കണ്ണീരുമുണ്ട്. ഭരണനിർവ്വഹണം കാര്യക്ഷമമാക്കാനും ജനങ്ങൾക്ക് അർഹമായ സേവനങ്ങൾ വേഗത്തിൽ ലഭ്യമാക്കാനും ഫയൽ തീർപ്പാക്കൽ ദൗത്യം മുൻഗണനാടിസ്ഥാനത്തിൽ നടപ്പാക്കും.”
മുൻ സർക്കാരിന്റെ കാലത്തെ ഭരണ സ്തംഭനവും അനാസ്ഥയും പരിഹരിച്ച് ജനങ്ങൾക്ക് ആശ്വാസമേകുകയാണ് ഈ നീക്കത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്.
