തിരുവനന്തപുരം: ജനനായകൻ ഉമ്മൻ ചാണ്ടിയുടെ വിയോഗത്തിന് മൂന്ന് വർഷം തികയുന്ന വേളയിൽ, അതീവ വൈകാരികമായ ഓർമ്മക്കുറിപ്പുമായി മുഖ്യമന്ത്രി വി. ഡി. സതീശൻ. ആൾക്കൂട്ടത്തെ ആഘോഷമാക്കിയ ഉമ്മൻ ചാണ്ടി അതേ ആൾക്കൂട്ടത്തെ കണ്ണീരണിയിച്ചാണ് മടങ്ങിയതെന്നും, അദ്ദേഹം ഇരുന്ന കസേരയിൽ ഇരിക്കുമ്പോൾ അദ്ദേഹത്തെപ്പോലെ ആകാനാണ് താൻ ശ്രമിക്കുന്നതെന്നും വി. ഡി. സതീശൻ ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരത്തെ പുതുപ്പള്ളി ഹൗസിൽ നിന്നും ദർബാർ ഹാളും ഇന്ദിരാഭവനും കടന്ന് ലക്ഷക്കണക്കിന് ജനങ്ങളുടെ സങ്കടക്കടലിലൂടെ ഉമ്മൻ ചാണ്ടി സാറിൻ്റെ ഭൗതികശരീരം പുതുപ്പള്ളിയിലേക്ക് കൊണ്ടുപോയ ആ യാത്രയെ സതീശൻ അനുസ്മരിച്ചു. ലോകത്തെമ്പാടുമുള്ള മലയാളികൾക്ക് ഏത് പ്രതിസന്ധിയിലും ഒരു നിവേദനവുമായോ ഫോൺ കോളിലൂടെയോ ബന്ധപ്പെടാൻ ഉമ്മൻ ചാണ്ടി എന്നൊരു നേതാവ് ഉണ്ടായിരുന്നു എന്നത് വലിയൊരു സ്വകാര്യ അഹങ്കാരമായിരുന്നു എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉമ്മൻ ചാണ്ടിയാകുക എന്നത് മറ്റാർക്കും സാധ്യമായ ഒന്നല്ലെന്ന് വ്യക്തമാക്കിയ മുഖ്യമന്ത്രി, എന്നാൽ സാധാരണക്കാരെ ചേർത്തുപിടിക്കുക എന്നത് ഓരോ പൊതുപ്രവർത്തകന്റെയും ചുമതലയാണെന്ന് ഉമ്മൻ ചാണ്ടി സാർ നമ്മെ പഠിപ്പിച്ചതായി ഓർമ്മിപ്പിച്ചു. താൻ ഇപ്പോൾ ഇരിക്കുന്ന കസേരയിൽ ഇരുന്നുകൊണ്ട് അവസാന ആശ്രയമായി തന്നെ തേടിയെത്തുന്നവർക്ക് മുന്നിൽ അവരുടെ ‘ഉമ്മൻ ചാണ്ടി’യാകാൻ കാലം ആവശ്യപ്പെടുന്നുണ്ടെന്നും ആ ലക്ഷ്യത്തിനായാണ് താൻ ശ്രമിക്കുന്നതെന്നും പറഞ്ഞാണ് സതീശൻ തൻ്റെ കുറിപ്പ് അവസാനിപ്പിച്ചത്.
വരികൾക്കിടയിൽ ഉമ്മൻ ചാണ്ടിയെന്ന വിസ്മയ നേതാവിനോടുള്ള ആദരവും ഒപ്പം ഒരു ഭരണാധികാരി എന്ന നിലയിൽ ജനങ്ങളോടുള്ള പ്രതിബദ്ധതയും ഈ കുറിപ്പിൽ വ്യക്തമാണ്.