തിരുവനന്തപുരം: കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കവെ, മുഖ്യമന്ത്രി പിണറായി വിജയനും സൂപ്പർ താരം മോഹൻലാലും ഒന്നിച്ചഭിമുഖം ശ്രദ്ധേയമാകുന്നു. ‘കണ്ടും മിണ്ടിയും ഇരുവർ’ എന്ന് പേരിട്ടിരിക്കുന്ന അഭിമുഖത്തിൽ രാഷ്ട്രീയത്തിന് അപ്പുറം മുഖ്യമന്ത്രിയുടെ വ്യക്തിപരമായ ഇഷ്ടങ്ങളാണ് ചർച്ചയായത്.
മുഖ്യമന്ത്രി അല്ലാത്ത ആ ദിവസം…
അഭിമുഖത്തിനിടെ ലാൽ ചോദിച്ച ഒരു ചോദ്യം ഏറെ കൗതുകകരമായിരുന്നു: “മുഖ്യമന്ത്രി അല്ലെന്ന് വിചാരിക്കുക. ആ ദിവസം എവിടെ ഇരുന്ന് ചായ കുടിക്കാനാണ് അങ്ങേക്ക് ഇഷ്ടം?”. ഒട്ടും ആലോചിക്കാതെ ചിരിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി— “അത് എനിക്ക് എന്റെ വീട്ടിൽ ഇരുന്ന് തന്നെ. അതിൽ എനിക്ക് യാതൊരു വിഷമവും ഇല്ല.” ഭരണം ഒഴിഞ്ഞാലും സമാധാനപരമായ കുടുംബജീവിതത്തിലേക്ക് മടങ്ങാൻ താൻ സജ്ജനാണെന്ന സൂചനയാണ് പിണറായി ഇതിലൂടെ നൽകിയത്.
ഫുട്ബോളും ലോകകപ്പും; ലാലിന്റെ ‘ഗൂഗ്ലി’
കായിക പ്രേമിയായ മുഖ്യമന്ത്രിയോട് ഫുട്ബോളിനെക്കുറിച്ചും ലാൽ ചോദിച്ചു. കളി കാണാറുണ്ടോ എന്ന ചോദ്യത്തിന്, തിരക്കുകൾ കാരണം സമയം കിട്ടാറില്ലെന്നും എന്നാൽ ചില മത്സരങ്ങൾ കാണാറുണ്ടെന്നുമാണ് അദ്ദേഹം മറുപടി നൽകിയത്. ഇതിനിടെ “വേൾഡ് കപ്പ് വരാൻ പോകുന്നു” എന്ന് മോഹൻലാൽ ഓർമ്മിപ്പിച്ചപ്പോൾ, ഇപ്പോഴും സമയം കിട്ടാറില്ല എന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. എന്നാൽ വിട്ടുകൊടുക്കാതെ “അത് ജൂലൈയിലാണ്” എന്ന് ലാൽ വ്യക്തമാക്കിയത് ശ്രദ്ധേയമായി.
മെയ് മാസത്തിൽ തിരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ, ഭരണം മാറുകയാണെങ്കിൽ മുഖ്യമന്ത്രിക്ക് ഇഷ്ടം പോലെ സമയം കിട്ടുമെന്നും വീട്ടിലിരുന്ന് സമാധാനമായി ചായ കുടിക്കാനും ജൂലൈയിലെ ലോകകപ്പ് ആസ്വദിക്കാനും സാധിക്കുമെന്നുമുള്ള പരോക്ഷമായ രാഷ്ട്രീയ പരിഹാസങ്ങളും ഈ സംഭാഷണത്തെ ചുറ്റിപ്പറ്റി സോഷ്യൽ മീഡിയയിൽ ഉയരുന്നുണ്ട്.
മെയ് 20-ഓടെ പുതിയ സർക്കാർ അധികാരത്തിൽ വരുമെന്നിരിക്കെ, ലാൽ-പിണറായി അഭിമുഖം കേരള രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്.