തിരുവനന്തപുരം: പിണറായി സർക്കാരിന്റെ PR പരിപാടിയായ ‘വിഷൻ 2031’ അന്താരാഷ്ട്ര കോൺഫറൻസിൽ പങ്കെടുക്കാനെത്തിയ മുൻ കേന്ദ്രമന്ത്രി മണിശങ്കർ അയ്യർക്ക് തലസ്ഥാനത്ത് ലഭിച്ചത് അസാധാരണമായ സ്വീകരണം. ഔദ്യോഗിക പദവികൾ ഒന്നുമില്ലാതിരുന്നിട്ടും സംസ്ഥാന അതിഥിക്ക് തുല്യമായ പരിഗണനയാണ് സർക്കാർ അദ്ദേഹത്തിന് നൽകിയത്.
രാജകീയ സൗകര്യങ്ങൾ
തലസ്ഥാനത്തെ പ്രമുഖ പഞ്ചനക്ഷത്ര ഹോട്ടലിലായിരുന്നു മണിശങ്കർ അയ്യർക്ക് താമസം ഒരുക്കിയിരുന്നത്. യാത്രാ സൗകര്യത്തിനായി വിട്ടുനൽകിയത് സംസ്ഥാന സർക്കാരിന്റെ ഔദ്യോഗിക ‘സ്റ്റേറ്റ് കാർ’. മുന്തിയ ഭക്ഷണവും മറ്റ് ആഡംബര സൗകര്യങ്ങളും സർക്കാർ ഖജനാവിൽ നിന്ന് ചിലവിട്ടാണ് അയ്യർക്കായി ഒരുക്കിയതെന്ന ആരോപണം ശക്തമാണ്.
പിന്നിൽ കെ.വി. തോമസിന്റെ ‘മാജിക്’
ഡൽഹിയിൽ കേരളത്തിന്റെ പ്രത്യേക പ്രതിനിധിയായ കെ.വി. തോമസ് ആണ് മണിശങ്കർ അയ്യരെ ഈ പരിപാടിയിലേക്ക് എത്തിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ചത്.
പ്രസംഗം ‘പിണറായിക്കായി’, പുറത്തിറക്കിയത് മുഖ്യമന്ത്രിയുടെ ഓഫീസ്
“അടുത്ത തവണയും പിണറായി വിജയൻ തന്നെ കേരളത്തിന്റെ മുഖ്യമന്ത്രിയാകുമെന്ന് തനിക്ക് ഉറപ്പുണ്ട്” എന്ന അയ്യരുടെ പരാമർശം വേദിയിൽ വലിയ കൈയ്യടി നേടി. എന്നാൽ, അയ്യരുടെ പ്രസംഗം കഴിഞ്ഞ മിനിറ്റുകൾക്കുള്ളിൽ തന്നെ അതിന്റെ പകർപ്പ് പ്രസ് റിലീസായി മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നും (CMO) പത്ര ഓഫീസുകളിൽ എത്തി എന്നത് ശ്രദ്ധേയമാണ്. ഇത് നേരത്തെ തയ്യാറാക്കിയ തിരക്കഥയുടെ ഭാഗമാണെന്ന വിമർശനമാണ് ഉയരുന്നത്.
ഇംഗ്ലീഷ് മാധ്യമങ്ങളിലൂടെ ദേശീയ ശ്രദ്ധ
കേരളത്തിലെ ഇടതുഭരണത്തെ പുകഴ്ത്തിക്കൊണ്ട് ദേശീയ മാധ്യമങ്ങളിൽ വലിയ വാർത്ത വരണമെന്ന് കെ.വി. തോമസ് വഴി പിണറായി വിജയൻ അയ്യരോട് ആവശ്യപ്പെട്ടതായി സൂചനയുണ്ട്. ഇതിന്റെ ഭാഗമായി ഇന്ന് പ്രമുഖ ഇംഗ്ലീഷ് വാർത്താ ചാനലുകൾ മണിശങ്കർ അയ്യരെ തേടി അദ്ദേഹം താമസിക്കുന്ന ഹോട്ടലിൽ എത്തുകയും അഭിമുഖങ്ങൾ ചിത്രീകരിക്കുകയും ചെയ്തു.
വിഷൻ 2031-ന്റെ ബ്രാൻഡ് അംബാസഡർ?
കേരളത്തെ 2031-ഓടെ വികസിത സംസ്ഥാനമാക്കി മാറ്റാനുള്ള പദ്ധതിയുടെ ഭാഗമായി മണിശങ്കർ അയ്യരെ ‘വിഷൻ 2031’ ബ്രാൻഡ് അംബാസഡറായി നിയമിക്കാനും സർക്കാർ ആലോചിക്കുന്നുണ്ട്.
![]()
