തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലെ എൽഡിഎഫിന്റെ കനത്ത തോൽവിക്ക് പിന്നാലെ ഭരണമാറ്റം ഉറപ്പിച്ച് ഐ എ എസ് – ഐ പി എസ് ഉദ്യോഗസ്ഥർ. യുഡിഎഫ് നേതാക്കളുമായി ബന്ധം മെച്ചപ്പെടുത്താനുള്ള തിരക്കിട്ട നീക്കത്തിലാണ് ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ.പിണറായിയുടെ വിശ്വസ്തർ എന്ന് അവകാശപ്പെട്ട് നടക്കുന്നവരും യു.ഡി.എഫ് നേതാക്കളെ രഹസ്യമായി അഭിനന്ദിച്ചു.
വിരമിച്ചവർക്ക് പണികിട്ടും; സർവീസിലുള്ളവർക്ക് ആശങ്ക
ന സർക്കാരിന്റെ വിശ്വസ്തരായി അറിയപ്പെടുന്ന കെ.എം എബ്രഹാം, ജയകുമാർ, വി.പി ജോയ്, ലോക്നാഥ് ബെഹ്റ തുടങ്ങിയ വിരമിച്ച ഉദ്യോഗസ്ഥരുടെ ‘രണ്ടാം ഇന്നിംഗ്‌സ്’ ഭരണമാറ്റത്തോടെ അവസാനിക്കുമെന്നാണ് ഐഎഎസുകാർക്കിടയിലെ സംസാരം. “ഇനി ഇവർക്ക് വീട്ടിലിരിക്കാം” എന്നാണ് സഹപ്രവർത്തകർക്കിടയിലെ അടക്കം പറച്ചിൽ.
പിആർ സ്റ്റണ്ടും ആശങ്കയിലായ വനിതാ ഉദ്യോഗസ്ഥരും
ചീഫ് സെക്രട്ടറിയുമായി അടുത്ത ബന്ധം പുലർത്തുന് രണ്ട് പ്രമുഖ വനിതാ ഐഎഎസ് ഉദ്യോഗസ്ഥർ തങ്ങളുടെ ഭാവി സംബന്ധിച്ച് വലിയ ആശങ്കയിലാണ്. ചീഫ് സെക്രട്ടറിയോട് തന്നെ ഇവർ ഈ ഭയം തുറന്നു പ്രകടിപ്പിക്കുകയും ചെയ്തു. രണ്ട് വള്ളത്തിൽ കാൽ ചവിട്ടി നിൽക്കുന്ന മറ്റൊരു ഐ എ എസ് ഉദ്യോഗസ്ഥൻ്റെ സാന്നിദ്ധ്യത്തിൽ ആയിരുന്നു ഇവരുടെ തുറന്ന് പറച്ചിൽ. ഇവരുടെ ആശങ്ക തന്ത്രപരമായി കേട്ടുനിന്നല്ലാതെ ഈ ഉദ്യോഗസ്ഥൻ ഈ വിഷയത്തിൽ ഒരു മൂളൽ മാത്രം നടത്തി.
“നിങ്ങൾ എന്തിന് ഭയക്കുന്നു?”
ഭരണമാറ്റം വന്നാൽ എന്ത് ചെയ്യുമെന്ന് ആശങ്കപ്പെട്ട വനിതാ ഉദ്യോഗസ്ഥരുടെ കഥ അറിഞ്ഞ മലയാളില്ലാത്ത ഒരു മുതിർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥൻ ചോദിച്ച ചോദ്യം ഇപ്പോൾ സിവിൽ സർവീസ് വൃത്തങ്ങളിൽ ചർച്ചയാവുകയാണ്. “നിങ്ങൾ ഐഎഎസുകാരല്ലേ, ഭരണം മാറിയാൽ നിങ്ങൾക്ക് എന്ത് പ്രശ്നം?” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുചോദ്യം. കക്ഷിരാഷ്ട്രീയത്തിന് അതീതമായി പ്രവർത്തിക്കേണ്ട ഉദ്യോഗസ്ഥർ ഭരണപക്ഷത്തോട് അമിത വിധേയത്വം കാണിക്കുന്നത് ഭാവിയിൽ തിരിച്ചടിയാകുമെന്ന മുന്നറിയിപ്പും ഇതിലുണ്ട്.
ഭരണം മാറിയാൽ തങ്ങളെ തഴയുമോ എന്ന ഭയത്താൽ പ്രതിപക്ഷത്തെ പ്രമുഖ നേതാക്കളെ നേരിട്ടും അല്ലാതെയും കണ്ട് തങ്ങളുടെ ‘വിശ്വസ്തത’ അറിയിക്കാനുള്ള നീക്കങ്ങൾ വരും ദിവസങ്ങളിൽ കൂടുതൽ ശക്തമാകാനാണ് സാധ്യത.