തിരുവനന്തപുരം: തദ്ദേശ തിരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്ക് പിന്നാലെ സർക്കാർ ജീവനക്കാരെയും പെൻഷൻകാരെയും തണുപ്പിക്കാൻ പുതിയ നീക്കവുമായി സംസ്ഥാന സർക്കാർ. ഏറെ നാളായി കാത്തിരിക്കുന്ന ശമ്പള-പെൻഷൻ പരിഷ്കരണത്തിനായി പ്രത്യേക ‘ശമ്പള കമ്മിറ്റി’ രൂപീകരിക്കാൻ തീരുമാനമായി. പതിവ് ശമ്പള കമ്മീഷന് പകരം ധനകാര്യ അഡീഷണൽ ചീഫ് സെക്രട്ടറി ജ്യോതിലാൽ തലവനായ സമിതിയാകും പരിഷ്കരണത്തിന് മേൽനോട്ടം വഹിക്കുക. ഇതുസംബന്ധിച്ച ഫയൽ ധനമന്ത്രിയുടെ ഓഫീസിലെത്തിക്കഴിഞ്ഞു. മുഖ്യമന്ത്രിയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവിറങ്ങും.
കുടിശികയിൽ ‘പാര’ വെച്ച് ധനമന്ത്രി
ശമ്പള പരിഷ്കരണ നീക്കങ്ങൾ നടക്കുന്നുണ്ടെങ്കിലും, ജീവനക്കാരുടെ ക്ഷാമബത്ത (DA), പെൻഷൻകാരുടെ ക്ഷാമആശ്വാസം (DR) എന്നിവയുടെ കുടിശിക നൽകുന്ന കാര്യത്തിൽ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഇപ്പോഴും കടുപിടുത്തം തുടരുകയാണ്. മുൻ സർക്കാരുകളെല്ലാം കുടിശിക തുക പണമായിട്ടോ പി.എഫിൽ ലയിപ്പിച്ചോ നൽകിയിരുന്നു. എന്നാൽ നിലവിലെ സർക്കാർ കുടിശിക നിഷേധിച്ചതോടെ ഓരോ ജീവനക്കാരനും ശമ്പളത്തിന് അനുസരിച്ച് 2.25 ലക്ഷം മുതൽ 9.30 ലക്ഷം രൂപ വരെയാണ് നഷ്ടപ്പെട്ടത്. പെൻഷൻകാർക്ക് 1.50 ലക്ഷം മുതൽ 4.40 ലക്ഷം രൂപ വരെയും നഷ്ടം സംഭവിച്ചു.
പ്രതീക്ഷയായി പ്രതിപക്ഷ നേതാവിന്റെ വാക്കുകൾ
ഭരണകാലാവധി തീരാൻ നാല് മാസം മാത്രം ബാക്കി നിൽക്കെ, ജീവനക്കാരോടുള്ള സർക്കാരിന്റെ നിഷേധ നിലപാടിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഈ സാഹചര്യത്തിൽ സർവീസ് സംഘടനകളുടെ യോഗത്തിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നൽകിയ വാഗ്ദാനം ജീവനക്കാർക്ക് വലിയ ആശ്വാസമായിരിക്കുകയാണ്. യു.ഡി.എഫ് സർക്കാർ അധികാരത്തിൽ വന്നാൽ ജീവനക്കാരുടെ നഷ്ടപ്പെട്ട മുഴുവൻ ആനുകൂല്യങ്ങളും തിരികെ നൽകുമെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. 2026 യു ഡി എഫ് അധികാരത്തിൽ വരുമെന്ന് ഉറപ്പായതോടെ കുടിശിക മുഴുവൻ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരും പെൻഷൻകാരും. കാരണം മറ്റൊന്നുമല്ല പറഞ്ഞത് സതീശൻ ആണ്. വെറും വാക്ക് പറയുന്ന ആളല്ല സതീശൻ എന്ന് അവർക്കറിയാം.
![]()
