ന്യൂഡൽഹി: സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ ‘X’ൽ (ട്വിറ്റർ) അരങ്ങേറ്റം കുറിച്ച് കോൺഗ്രസ് പാർലമെന്ററി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധി. മുൻ പ്രധാനമന്ത്രിയും തന്റെ ഭർത്താവുമായ രാജീവ് ഗാന്ധിയുമായുള്ള പ്രണയ നിമിഷങ്ങളും ആദ്യ കൂടിക്കാഴ്ചയും ഓർത്തെടുക്കുന്ന വൈകാരികമായ വീഡിയോ പങ്കുവെച്ചാണ് സോണിയ ഗാന്ധി ‘X’ൽ അക്കൗണ്ട് ആരംഭിച്ചത്. തന്റെ വരാനിരിക്കുന്ന ആത്മകഥയായ ‘Belonging: A Journey of Love’ എന്ന പുസ്തകത്തിന്റെ വിവരങ്ങളും ഇതിലൂടെ അവർ പങ്കുവെച്ചു.
ആദ്യ കാഴ്ചയിലെ ആ പ്രണയം
ഇംഗ്ലണ്ടിലെ പഠനകാലത്ത് ഒരു ഗ്രീക്ക് റെസ്റ്റോറന്റിൽ വെച്ചാണ് താൻ ആദ്യമായി രാജീവ് ഗാന്ധിയെ കാണുന്നത് എന്ന് സോണിയ ഗാന്ധി ഓർത്തെടുക്കുന്നു. ഇറ്റാലിയൻ ഭക്ഷണം തിരഞ്ഞു നടക്കവേയാണ് യൂറോപ്യൻ, ഇന്ത്യൻ വിദ്യാർത്ഥികൾ സ്ഥിരമായി എത്തിയിരുന്ന Varsity Restaurant എന്ന ഗ്രീക്ക് റെസ്റ്റോറന്റിൽ സോണിയ എത്തിയത്. ഒരു പൊതുസുഹൃത്ത് വഴിയായിരുന്നു രാജീവുമായുള്ള പരിചയപ്പെടൽ.
”ആദ്യമായി കണ്ടപ്പോൾ തന്നെ എനിക്ക് തോന്നി, ഇദ്ദേഹത്തോടൊപ്പം ജീവിക്കാൻ ഞാൻ ശരിക്കും ആഗ്രഹിക്കുന്നുവെന്ന്. പിന്നീട് അദ്ദേഹത്തിനും അതെ വികാരമാണെന്ന് ഞാൻ മനസ്സിലാക്കി,” സോണിയ വീഡിയോയിൽ പറഞ്ഞു.
‘ആ സൗമ്യത എന്നെ തൊട്ടു’
രാജീവ് ഗാന്ധി വളരെ ശാന്തനും കാണാൻ ഏറെ സുന്ദരനുമായിരുന്നുവെന്നും, അദ്ദേഹത്തിന്റെ പെരുമാറ്റത്തിലെ സൗമ്യതയാണ് തന്നെ ഏറ്റവും കൂടുതൽ ആകർഷിച്ചതെന്നും അവർ കൂട്ടിച്ചേർത്തു. 1968 ഫെബ്രുവരി 25-നായിരുന്നു രാജീവ് ഗാന്ധിയും സോണിയ ഗാന്ധിയും തമ്മിലുള്ള വിവാഹം നടന്നത്.
കഴിഞ്ഞ ദിവസം ഇൻസ്റ്റാഗ്രാമിലും അക്കൗണ്ട് തുടങ്ങിയ സോണിയ ഗാന്ധി, നവംബർ 10-ന് ആഗോളതലത്തിൽ പുറത്തിറങ്ങുന്ന തന്റെ ഓർമ്മക്കുറിപ്പുകളുടെ ആദ്യ കോപ്പി പുറത്തുവിട്ടിരുന്നു. സ്നേഹം, കടമ, വേർപാട്, സ്വന്തം ഇടം കണ്ടെത്തൽ എന്നിവയുടെ കഥയാണ് തന്റെ പുസ്തകമെന്ന് അവർ വ്യക്തമാക്കി.
