കൊച്ചി: സംസ്ഥാനത്ത് വിതരണം ചെയ്യുന്ന സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നിയമപരമായ അവകാശമായി ഉന്നയിക്കാൻ സാധിക്കില്ലെന്ന് പിണറായി വിജയൻ സർക്കാർ ഹൈക്കോടതിയെ അറിയിച്ചത് 2024 ൽ . ‘പെൻഷൻ’ എന്ന് പേരിട്ടിട്ടുണ്ടെങ്കിലും ഇത് സർക്കാരിന്റെ നയപരമായ തീരുമാനത്തിന്റെ ഭാഗമായി പാവപ്പെട്ടവർക്കും അരികുവൽക്കരിക്കപ്പെട്ടവർക്കും നൽകുന്ന സാമ്പത്തിക സഹായം മാത്രമാണെന്നാണ് സർക്കാർ ഹൈക്കോടതിയിൽ നൽകിയ വിശദീകരണ സത്യവാങ്മൂലത്തിൽ വ്യക്തമാക്കിയിട്ടുള്ളത്.

ക്ഷേമ പെൻഷൻ വിതരണം മുടങ്ങിയതുമായി ബന്ധപ്പെട്ട് സമർപ്പിക്കപ്പെട്ട ഹർജിയിലാണ് സംസ്ഥാന സർക്കാർ സ്വന്തം നിലപാട് വ്യക്തമാക്കിക്കൊണ്ട് മറുപടി നൽകിയത്.
സർക്കാർ സത്യവാങ്മൂലത്തിലെ പ്രധാന വിവരങ്ങൾ:
സ്റ്റാറ്റ്യൂട്ടറി അവകാശമല്ല: സാമൂഹ്യ സുരക്ഷാ പെൻഷനുകൾ നിയമം അനുശാസിക്കുന്ന സ്റ്റാറ്റ്യൂട്ടറി പെൻഷനോ ഗ്രാറ്റുവിറ്റിയോ അല്ല. അതിനാൽ തന്നെ ഇവ അവകാശമായി ചോദിച്ചു വാങ്ങാൻ സാധിക്കില്ല.
സെസ് പിരിവ് നിയമപരമായ ബാധ്യതയാക്കില്ല: ഇന്ധനത്തിനും വിദേശമദ്യത്തിനും മേൽ സാമൂഹ്യ സുരക്ഷാ സെസ് പിരിച്ചെടുക്കുന്നുണ്ടെങ്കിലും, സെസ് പിരിവ് പെൻഷനെ നിയമപരമായ ഒന്നാക്കി മാറ്റുന്നില്ലെന്ന് സർക്കാർ വ്യക്തമാക്കി.
എപ്പോൾ, എത്ര നൽകണമെന്ന് സർക്കാരിന് തീരുമാനിക്കാം: സാമ്പത്തിക ലഭ്യതയ്ക്കനുസരിച്ച് മാത്രമാണ് പെൻഷൻ വിതരണം നടപ്പിലാക്കുന്നത്. പെൻഷൻ എപ്പോൾ വിതരണം ചെയ്യണം, എത്ര തുക നൽകണം എന്ന് തീരുമാനിക്കാനുള്ള പൂർണ്ണമായ അധികാരം സർക്കാരിനാണ്.
ദേശീയ സാമൂഹ്യ സഹായ പദ്ധതി (NSAP): കേന്ദ്ര-സംസ്ഥാന പദ്ധതികൾക്ക് കീഴിൽ നൽകുന്ന യാതൊരു ക്ഷേമ പെൻഷനും അവകാശമായി ഉന്നയിക്കാനാകില്ലെന്ന് സത്യവാങ്മൂലം വ്യക്തമാക്കുന്നു.
