അമൃത്സർ: മോശം ഫോമിൽ നിന്ന് വമ്പൻ തിരിച്ചുവരവ് നടത്തി ഇന്ത്യൻ യുവ ഓപ്പണിംഗ് താരം അഭിഷേക് ശർമ്മ. പഞ്ചാബ് സ്റ്റേറ്റ് ഇന്റർ ഡിസ്ട്രിക്ട് സീനിയർ വൺഡേ ടൂർണമെന്റിൽ അമൃത്സർ ടീമിനായി കളത്തിലിറങ്ങിയ താരം തരൺ തരൺ ടീമിനെതിരെ വെറും 91 പന്തിൽ നിന്ന് 233 റൺസാണ് അടിച്ചുകൂട്ടിയത്.
256.04 സ്ട്രൈക്ക് റേറ്റിൽ ബാറ്റ് വീശിയ 25-കാരനായ ഇടങ്കയ്യൻ ബാറ്റർ, തന്റെ ഇന്നിംഗ്സിൽ 25 സിക്സറുകളും 15 ഫോറുകളുമാണ് പറത്തിയത്. സഹ ഓപ്പണർ അഭയ് ചൗധരിയ്ക്കൊപ്പം (85 പന്തിൽ 93) ഒന്നാം വിക്കറ്റിൽ 305 റൺസിന്റെ കൂറ്റൻ കൂട്ടുകെട്ടാണ് അഭിഷേക് പടുത്തുയർത്തിയത്.
25-ാം ഓവറിലെ നാലാം പന്തിൽ ആശിഷ് ലോറൻസിന് വിക്കറ്റ് നൽകി മടങ്ങുമ്പോൾ അമൃത്സറിനെ വമ്പൻ സ്കോറിലേക്ക് അഭിഷേക് എത്തിച്ചിരുന്നു. അഭിഷേകിന്റെ തകർപ്പൻ ഇന്നിംഗ്സിന്റെ കരുത്തിൽ അമൃത്സർ നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 533 റൺസെന്ന ഹിമാലയൻ സ്കോർ പടുത്തുയർത്തി.
സിംബാബ്‌വെക്കെതിരായ ട്വന്റി-20 പരമ്പരയിലെ മോശം പ്രകടനത്തിന് ശേഷമാണ് അഭിഷേകിന്റെ ഈ മാസ്മരിക തിരിച്ചുവരവ്. സെപ്റ്റംബറിൽ ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലാണ് അഭിഷേക് ശർമ്മ ഇനി ഇന്ത്യക്കായി കളത്തിലിറങ്ങാൻ സാധ്യതയുള്ളത്.