തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കെ, പൊതുമരാമത്ത്-ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിൻ്റെ പേഴ്സണൽ സ്റ്റാഫിൽ അപ്രതീക്ഷിത നീക്കം. മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി പി.കെ. ശബരീഷ് കുമാർ മാർച്ച് 18-ന് സ്ഥാനമൊഴിഞ്ഞു. സർക്കാരിൻ്റെ കാലാവധി തീരും മുൻപേയുള്ള ഈ രാജി രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത്.
രാജിക്ക് പിന്നിലെ ‘പെൻഷൻ’ തന്ത്രം?
സാധാരണഗതിയിൽ ഒരു മന്ത്രി അധികാരമൊഴിയുന്നത് വരെ പേഴ്സണൽ സ്റ്റാഫിനും തുടരാം. എന്നാൽ, തിരഞ്ഞെടുപ്പിൽ ബേപ്പൂരിൽ മുഹമ്മദ് റിയാസിൻ്റെ വിജയം ഉറപ്പില്ലെന്ന തിരിച്ചറിവാണോ ഈ നേരത്തെയുള്ള രാജിക്ക് പിന്നിലെന്ന് പ്രതിപക്ഷം ആരോപിക്കുന്നു. രാജി സമർപ്പിച്ച അന്ന് തന്നെ പെൻഷൻ ആനുകൂല്യമായ ടെർമിനൽ സറണ്ടറിനായി ശബരീഷ് അപേക്ഷ നൽകിയിരുന്നു. ഇതിന് അംഗീകാരം നൽകിക്കൊണ്ട് പൊതുഭരണ വകുപ്പ് മാർച്ച് 24-ന് ഉത്തരവിറക്കുകയും ചെയ്തു.

ആനുകൂല്യങ്ങൾ ഇങ്ങനെ:
2021 ജൂൺ 7-നാണ് ശബരീഷ് കുമാർ മന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായി നിയമിതനായത്. നിലവിലെ നിയമമനുസരിച്ച്:
- പേഴ്സണൽ സ്റ്റാഫ് അംഗങ്ങൾക്ക് ഓരോ വർഷത്തെ സേവനത്തിനും ഒരു മാസത്തെ ശമ്പളം സറണ്ടർ ആയി ലഭിക്കും.
- 5 വർഷത്തെ സേവനം കണക്കാക്കി 5 മാസത്തെ ശമ്പളമാണ് ടെർമിനൽ സറണ്ടറായി ലഭിക്കുക.
- ഏകദേശം 7 ലക്ഷം രൂപയോളം ഇത്തരത്തിൽ ശബരീഷ് കുമാറിന് ആനുകൂല്യമായി ലഭിക്കുമെന്നാണ് സൂചന.
രാഷ്ട്രീയ വിവാദം
തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഫലം വരുന്നതിന് മുൻപ് തന്നെ ആനുകൂല്യങ്ങൾ കൈപ്പറ്റി മടങ്ങുന്നത് തോൽവി മുൻകൂട്ടി കണ്ടുള്ള നീക്കമാണെന്ന പരിഹാസവുമായി സോഷ്യൽ മീഡിയയിലും ചർച്ചകൾ സജീവമാണ്.
![]()
