തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ സർക്കാർ ആവേശപൂർവ്വം ഉയർത്തിക്കാട്ടുന്ന ഒന്നാണ് പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗത്തിലെ 1,160 വിദ്യാർത്ഥികൾക്ക് വിദേശ പഠനം ഉറപ്പാക്കിയ ‘ഉന്നതി’ സ്കോളർഷിപ്പ് പദ്ധതി. എന്നാൽ, ഈ വിജയഗാഥയ്ക്ക് പിന്നിൽ ഒരു ഐഎഎസ് ഉദ്യോഗസ്ഥന്റെ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവും, ഒടുവിൽ അദ്ദേഹത്തിന് നേരിടേണ്ടി വന്ന ക്രൂരമായ വേട്ടയാടലിന്റെയും കഥയുണ്ടെന്ന് അധികമാരും അറിയുന്നില്ല. പദ്ധതി നടപ്പിലാക്കിയ പ്രശാന്ത് എൻ. ഐഎഎസ് ഇന്ന് സസ്പെൻഷനിൽ തുടരുമ്പോൾ, അതിന്റെ ക്രെഡിറ്റ് അടിച്ചുമാറ്റാൻ രാഷ്ട്രീയ നേതൃത്വം മത്സരിക്കുകയാണ്.

ലോബികളെ തകർത്ത വിപ്ലവകരമായ ഉത്തരവ്
01.08.2023-ലെ സർക്കാർ ഉത്തരവ് പരിശോധിച്ചാൽ ഈ പദ്ധതിയുടെ അടിത്തറ മാറ്റിയത് പ്രശാന്ത് എൻ. ആണെന്ന് വ്യക്തമാകും. വർഷങ്ങളായി വിദേശ റിക്രൂട്ട്മെന്റ് ലോബികളും ചില ഉന്നത ഉദ്യോഗസ്ഥരും ചേർന്ന് നിയന്ത്രിച്ചിരുന്ന സംവിധാനത്തെയാണ് അദ്ദേഹം ഉടച്ചുവാർത്തത്. അഡ്മിഷൻ മുതൽ വിസ വരെ ഒരു കുടക്കീഴിൽ കൊണ്ടുവരികയും, സ്വകാര്യ കൺസൾട്ടൻസികളെ ഒഴിവാക്കി സർക്കാർ ഏജൻസിയായ ODEPEC-നെ ദൗത്യം ഏൽപ്പിക്കുകയും ചെയ്തത് ഇന്റർമീഡിയറ്ററി മാഫിയകൾക്ക് വൻ തിരിച്ചടിയായി. പാവപ്പെട്ട കുട്ടികൾക്ക് നിയമസഹായവും ഇൻഷുറൻസും ഉറപ്പാക്കിയതും ഈ പരിഷ്കാരത്തിന്റെ ഭാഗമായിരുന്നു.
ഉന്നത ലോബികളുടെ പടയൊരുക്കം
മുഖ്യമന്ത്രിയുടെ മകളുടെ കമ്പനിയുമായി ബന്ധമുള്ള വിദേശ പഠന കൺസൾട്ടൻസികൾ ഈ പദ്ധതിയെ തകർക്കാൻ ആദ്യമേ രംഗത്തെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ ഓഫീസിലെ ഒരു പ്രമുഖൻ തന്നെ ഈ പ്രോജക്ട് തടയാൻ പരസ്യമായി നിലപാടെടുത്തതായാണ് സൂചന. പ്രശാന്തിനെതിരെ വകുപ്പിനുള്ളിൽ തന്നെ തടസ്സങ്ങൾ സൃഷ്ടിക്കാൻ ഡോ. എ. ജയതിലക്, ഗോപാലകൃഷ്ണൻ തുടങ്ങിയ ഐഎഎസ് ഉദ്യോഗസ്ഥർ ശ്രമിച്ചെങ്കിലും, അന്നത്തെ മന്ത്രി കെ. രാധാകൃഷ്ണന്റെ ശക്തമായ പിന്തുണയും കോടതി ഇടപെടലുകളെക്കുറിച്ചുള്ള ഭയവുമാണ് പദ്ധതി യാഥാർത്ഥ്യമാക്കാൻ വഴിയൊരുക്കിയത്.
നേട്ടം രാഷ്ട്രീയക്കാർക്ക്, ശിക്ഷ ഉദ്യോഗസ്ഥന്
പദ്ധതി വഴി വിദേശത്ത് പോയ കുട്ടികളുടെ കണക്കുകൾ വോട്ട് ബാങ്കാക്കി മാറ്റാൻ എൽ.ഡി.എഫ് ശ്രമിക്കുമ്പോൾ, ഈ മാറ്റത്തിനായി പണിയെടുത്ത ഉദ്യോഗസ്ഥൻ ഇന്ന് പുറത്താണ്. സിസ്റ്റം നന്നാക്കാൻ ശ്രമിച്ചവർ വേട്ടയാടപ്പെടുന്ന അവസ്ഥയെ സെക്രട്ടേറിയറ്റിലെ ഇടത് അനുകൂല ഉദ്യോഗസ്ഥർ പോലും വിമർശിക്കുന്നുണ്ട്. 1,160 വിദ്യാർത്ഥികളുടെ ജീവിതം മാറ്റിമറിച്ച പ്രശാന്ത് ഐഎഎസ് സസ്പെൻഷനിൽ തുടരുന്നത് ഈ തിരഞ്ഞെടുപ്പ് കാലത്തെ സർക്കാരിന്റെ അവകാശവാദങ്ങളുടെ പൊള്ളത്തരമാണ് തുറന്നുകാട്ടുന്നത്.
![]()
