തിരുവനന്തപുരം: കേരളത്തിൻ്റെ പാരമ്പര്യ ആയോധന കലയായ കളരിപ്പയറ്റിനെ ലോകശ്രദ്ധയിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ‘പൊന്ന്യത്തങ്കം 2026’ വിപുലമായി സംഘടിപ്പിക്കാൻ സ്പീക്കർ എ.എൻ ഷംസീർ മുൻകൈ എടുക്കുന്നു. ഫെബ്രുവരി മൂന്നാം വാരത്തിൽ തലശ്ശേരിയിലെ പൊന്ന്യത്ത് വെച്ച് അങ്കം നടത്താനാണ് പ്രാഥമിക തീരുമാനം.
നിയമസഭാ സമ്മേളനത്തിനിടെ തന്നെ ഇതിനായുള്ള നടപടികൾ സ്പീക്കർ വേഗത്തിലാക്കിയിരിക്കുകയാണ്. വടക്കൻ പാട്ടുകളിലെ വീരഗാഥകൾ ഉറങ്ങുന്ന പൊന്ന്യത്ത് നൂറ്റാണ്ടുകൾക്ക് മുൻപ് നടന്ന പടയോട്ടങ്ങളുടെ സ്മരണ പുതുക്കാനാണ് ഈ മേള ലക്ഷ്യമിടുന്നത്. പരിപാടിയുടെ സംഘാടനത്തിനായി ഏകദേശം 2 കോടി രൂപ സർക്കാരിൽ നിന്നും ലഭ്യമാക്കണമെന്നാണ് സ്പീക്കറുടെ ആവശ്യം.
ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ചർച്ചകൾക്കായി ഇന്ന് നിയമസഭാ മന്ദിരത്തിൽ പ്രത്യേക യോഗം ചേരും. ടൂറിസം, സാംസ്കാരിക വകുപ്പ് ഉദ്യോഗസ്ഥരും യോഗത്തിൽ പങ്കെടുത്തേക്കും. കണ്ണൂരിൻ്റെ സാംസ്കാരിക ടൂറിസം മേഖലയ്ക്ക് വലിയ ഉണർവ് നൽകുന്ന ഒന്നായി പൊന്ന്യത്തങ്കത്തെ മാറ്റാനാണ് സ്പീക്കർ ലക്ഷ്യമിടുന്നത്. കഴിഞ്ഞ വർഷങ്ങളിലും കളരിപ്പയറ്റ് പ്രോത്സാഹിപ്പിക്കുന്നതിനായി ഷംസീർ സജീവമായി രംഗത്തുണ്ടായിരുന്നു.
![]()
