തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്.
കടമെടുപ്പിന് ലഭിക്കുന്ന ‘ബോണസ്’
കേന്ദ്ര സർക്കാർ മാനദണ്ഡപ്രകാരം NPS വിഹിതം കൃത്യമായി അടയ്ക്കുന്ന സംസ്ഥാനങ്ങൾക്ക് അവരുടെ മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ (GSDP) നിശ്ചിത ശതമാനം അധിക കടമെടുക്കാൻ അനുമതിയുണ്ട്. ഈ പഴുതുപയോഗിച്ചാണ് 2022 മുതൽ കേരളം വൻതോതിൽ വായ്പയെടുക്കുന്നത്.
കഴിഞ്ഞ മൂന്ന് വർഷത്തെ കണക്കുകൾ താഴെ:
| സാമ്പത്തിക വർഷം | അധിക വായ്പ (കോടി രൂപയിൽ) |
|---|---|
| 2022-23 | 1755.34 |
| 2023-24 | 1967.86 |
| 2024-25 | 1998.42 |
ഈ സാമ്പത്തിക വർഷം അതായത് 2025- 26 ൽ ഈ പഴുത് ഉപയോഗിച്ച് 2000 കോടി കേരളം കടമെടുത്തു എന്നാണ് ലഭിക്കുന്ന സൂചന.
ആകെ 7721.62 Crore ‘NPS നഷ്ടപരിഹാരം’ എന്ന പേരിൽ സർക്കാർ വായ്പയെടുത്തത്. ഈ തുക മുഴുവൻ ജീവനക്കാരുടെ പെൻഷൻ സുരക്ഷയ്ക്കായി നീക്കിവെക്കുന്നതിന് പകരം ദൈനംദിന ചെലവുകൾക്കായി ഉപയോഗിക്കുന്നു എന്നതാണ് പ്രതിഷേധത്തിന് കാരണമാകുന്നത്.
സമിതി റിപ്പോർട്ട് ‘കോൾഡ് സ്റ്റോറേജിൽ’
പങ്കാളിത്ത പെൻഷൻ പിൻവലിക്കുന്നത് സംബന്ധിച്ച് പഠിക്കാൻ നിയോഗിച്ച സമിതി റിപ്പോർട്ട് സമർപ്പിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും സർക്കാർ അത് പുറത്തുവിടാനോ നടപ്പിലാക്കാനോ തയ്യാറായിട്ടില്ല. ഈ പദ്ധതി പിൻവലിച്ചാൽ കേന്ദ്രത്തിൽ നിന്ന് ലഭിക്കുന്ന ഈ അയ്യായിരത്തിലധികം കോടിയുടെ അധിക കടമെടുപ്പ് അവകാശം നഷ്ടപ്പെടുമെന്ന ഭയമാണ് ധനവകുപ്പിനെ ഇതിൽ നിന്ന് പിന്നോട്ട് വലിക്കുന്നത്.
പ്രധാന ആരോപണങ്ങൾ:
- 14% വിഹിതം എവിടെ?: കേന്ദ്രം തങ്ങളുടെ വിഹിതം 14% ആയി ഉയർത്തിയിട്ടും കേരളം ഇപ്പോഴും 10% എന്ന പഴയ നിരക്കിലാണ് തുടരുന്നത്.
- DCRG നിഷേധം: പങ്കാളിത്ത പെൻഷൻകാർക്ക് അർഹമായ ഗ്രാറ്റുവിറ്റി (DCRG) നൽകാൻ സർക്കാർ തയ്യാറാകുന്നില്ല.
- സാലറി ചലഞ്ച് തിരിച്ചടി: ഒരു വശത്ത് ജീവനക്കാരിൽ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും പിടിച്ചുപറയുമ്പോൾ മറുവശത്ത് അവരുടെ വിരമിക്കൽ കാലത്തെ സുരക്ഷ വെച്ച് സർക്കാർ വായ്പയെടുക്കുന്നു.
സ്റ്റാലിൻ മോഡൽ എന്ത് കൊണ്ട് കേരളത്തിൽ സാധ്യമല്ല?
തമിഴ്‌നാട്ടിൽ പെൻഷൻ ആനുകൂല്യങ്ങൾ വർദ്ധിപ്പിക്കാനും ഗ്രാറ്റുവിറ്റി നൽകാനും സർക്കാർ മുൻകൈ എടുക്കുമ്പോൾ കേരളം സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാട്ടി ഒഴിഞ്ഞുമാറുകയാണ്. 2026 ബജറ്റിൽ പെൻഷൻ വിഹിതം കൂട്ടുമെന്ന് സൂചനയുണ്ടെങ്കിലും പ്രായോഗികമായി നടപ്പിലാക്കാതെ ജീവനക്കാരെ വിശ്വസിപ്പിക്കാൻ സർക്കാരിനാകില്ല.
![]()
