തിരുവനന്തപുരം: ന്യൂസ് മലയാളം ചാനലിൽ നിന്നും പ്രമുഖ മാധ്യമപ്രവർത്തക ലക്ഷ്മി പത്മ രാജി വച്ചു. കഴിഞ്ഞ ഒന്നര വർഷക്കാലം തൻ്റെ കരിയറിലെയും ജീവിതത്തിലെയും നിർണായക ഘട്ടമായിരുന്നു ന്യൂസ് മലയാളമെന്ന് ലക്ഷ്മി ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
പുതുതായി ആരംഭിച്ച ഒരു ചാനലിൻ്റെ ഭാഗമാകാനും അതിനെ മലയാളത്തിലെ ആധികാരിക ശബ്ദമാക്കാനും പ്രവർത്തിച്ചവരിൽ ഒരാളായതിൽ അഭിമാനവും സംതൃപ്തിയും ഉണ്ടെന്ന് അവർ കുറിച്ചു. “സന്തോഷത്തോടെ മാത്രമേ ഈ ഓഫീസിലേക്ക് ഞാൻ പഞ്ച് ചെയ്തു കയറിയിട്ടുള്ളൂ. തർക്കങ്ങളും വിയോജിപ്പുകളും ഒന്നും ആ കെട്ടിടത്തിന് വെളിയിലേക്ക് കൊണ്ടുപോകേണ്ടി വന്നിട്ടില്ല,” ലക്ഷ്മി പറയുന്നു.
വാർത്താ സ്വാതന്ത്ര്യത്തെക്കുറിച്ച്
ഓഫീസിൽ നിന്നും എല്ലാ ദിവസവും മനസമാധാനത്തോടെയും സംതൃപ്തിയോടെയും വന്നു കിടന്നുറങ്ങാൻ കഴിഞ്ഞിട്ടുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. വാർത്തയിൽ ഇടപെടാനും സംവദിക്കാനും പുതിയ ഉത്തരവാദിത്തങ്ങൾ ഏറ്റെടുക്കാനും ന്യൂസ് മലയാളത്തിൽ പൂർണ്ണമായ സ്വാതന്ത്ര്യമുണ്ടായിരുന്നു. വാർത്തയുടെ കടിഞ്ഞാൺ കയ്യിലെടുക്കാത്ത ചെയർമാൻ ഷകിലൻ സാറും എംഡി സിദ്ദിഖ് സാറും ജേർണലിസ്റ്റുകൾക്ക് വാർത്താ സ്വാതന്ത്ര്യത്തിൻ്റെ പുതിയ ആകാശമാണ് ഒരുക്കുന്നതെന്നും, ആ ആകാശം വിടുമ്പോൾ ഉള്ളിൽ നിറയെ കൃതജ്ഞതയും സംതൃപ്തിയും ഉണ്ടെന്നും ലക്ഷ്മി കുറിച്ചു.
ന്യൂസ് ഡയറക്ടർമാരായ ഹർഷൻ ചേട്ടനും സനീഷേട്ടനും നൽകിയ സ്നേഹവും പിന്തുണയും സൗഹൃദവും ന്യൂസ് മലയാളം ജീവിതത്തെ നിറവുള്ളതാക്കി. ഒരുപാട് ആഴമുള്ള സൗഹൃദങ്ങൾ സമ്മാനിച്ച ഇടം കൂടിയാണ് ന്യൂസ് മലയാളമെന്നും അവർ ഹൃദയത്തോട് ചേർത്തു.
തനിക്ക് വളരെ ഇഷ്ടമുള്ള ഈ ജോലിയിൽ പുതിയൊരു ചുമതല വഹിക്കാൻ, പുതിയൊരു ദൗത്യത്തിൻ്റെ ഭാഗമാകാനാണ് ഈ രാജിയെന്നും ലക്ഷ്മി സൂചന നൽകി. പുതിയ ജോലി എന്തായിരിക്കുമെന്നുള്ള വിവരങ്ങൾ പിന്നാലെ അറിയിക്കാമെന്നും കുറിപ്പിൽ പറയുന്നു.