തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നടന്ന പ്രതിഷേധങ്ങളുമായി ബന്ധപ്പെട്ട കേസുകളിൽ എന്ത് നടപടിയെടുത്തു എന്ന നിയമസഭാ ചോദ്യത്തിന് മൂന്ന് മാസമായിട്ടും മറുപടി നൽകാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ് നിയമസഭാ കക്ഷി സെക്രട്ടറി എ.പി. അനിൽകുമാർ സ്പീക്കർക്ക് കത്ത് നൽകി. ഉത്തരം ലഭിച്ചേ തീരൂ എന്ന് ആവശ്യപ്പെട്ടാണ് പ്രതിപക്ഷം സ്പീക്കറെ സമീപിച്ചിരിക്കുന്നത്.
യുവതീ പ്രവേശവുമായി ബന്ധപ്പെട്ട് പോലീസ് എടുത്ത കേസുകളുടെ വിശദാംശങ്ങളാണ് നക്ഷത്ര ചിഹ്നമിടാത്ത ചോദ്യങ്ങളായി എ.പി. അനിൽകുമാർ ആവശ്യപ്പെട്ടത്. പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തിൽ ഈ ചോദ്യങ്ങളുടെ ഉത്തരങ്ങൾ പുറത്തു വന്നാൽ അത് സർക്കാരിന് വലിയ തലവേദനയുണ്ടാക്കുമെന്ന ആശങ്കയുള്ളതുകൊണ്ടാണ് മറുപടി നൽകാത്തതെന്നാണ് പ്രതിപക്ഷം കരുതുന്നത്.

ആറായിരത്തിലധികം കേസുകൾ:
ശബരിമല യുവതീ പ്രവേശന വിഷയവുമായി ബന്ധപ്പെട്ട് 2018 മുതൽ നടന്ന പ്രക്ഷോഭങ്ങളിൽ സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ഏതാണ്ട് ആറായിരത്തിലധികം കേസുകളാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. 12,912 പേരാണ് പ്രതികളാക്കപ്പെട്ടത്.
വാഗ്ദാനം പാലിക്കപ്പെട്ടില്ല:
ശബരിമല പ്രക്ഷോഭകർക്കെതിരെയുള്ള കേസുകൾ പിൻവലിക്കുമെന്ന് 2021-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് ഇടതുമുന്നണിയും മുഖ്യമന്ത്രിയും വാഗ്ദാനം നൽകിയിരുന്നു. എന്നാൽ ഈ വാഗ്ദാനം പാലിക്കപ്പെട്ടില്ലെന്നാണ് പ്രതിപക്ഷത്തിന്റെ വിമർശനം.
ഈ വർഷം 20-ന് പമ്പയിൽ നടന്ന ആഗോള അയ്യപ്പസംഗമത്തിന് മുമ്പായി കേസുകൾ പിൻവലിക്കണമെന്ന് എൻ.എസ്.എസ്, എസ്.എൻ.ഡി.പി. യോഗം, പ്രതിപക്ഷ രാഷ്ട്രീയ സംഘടനകൾ എന്നിവർ ആവശ്യപ്പെട്ടിരുന്നു. എന്നിരുന്നാലും, സർക്കാർ ഇതുവരെ ഇക്കാര്യത്തിൽ കാര്യമായ ഒരു നീക്കവും നടത്തിയിട്ടില്ല. ചോദ്യങ്ങൾക്ക് മറുപടി നൽകാതിരിക്കുന്നത് സർക്കാരിന്റെ ഇരട്ടത്താപ്പിന്റെ സൂചനയാണെന്നും പ്രതിപക്ഷം ആരോപിക്കുന്നു.
![]()
