തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഒരു വർഷം മുൻപ് താരോദയമായി ഉയർന്നുവന്ന യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു വർഷം തികയും മുൻപ് അപമാനത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നു. പൊതുപ്രവർത്തകന് അനിവാര്യമായ വ്യക്തിശുദ്ധി പാലിക്കാതെ അധികാരത്തിന്റെ ഹുങ്കിൽ അഴിഞ്ഞാടുന്ന നേതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് രാഹുലിന്റെ പതനം.
വേഗത്തിലെ ഉദയം, അതിവേഗത്തിലെ പതനം
ഷാഫി പറമ്പിൽ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 18,000-ൽ അധികം വോട്ടിന്റെ വൻ ഭൂരിപക്ഷത്തിലാണ് രാഹുൽ നിയമസഭയിലേക്ക് കന്നിയങ്കത്തിൽ വിജയിച്ചത്. 2024 ഡിസംബർ 4-ന് എം.എൽ.എ.യായി സത്യപ്രതിജ്ഞ ചെയ്ത ഈ യുവനേതാവ്, കൃത്യം ഒരു വർഷത്തിന് ശേഷം (2025 ഡിസംബർ 4) പാർട്ടിയിൽ നിന്ന് പുറത്താവുകയും നിയമനടപടികൾ നേരിടുകയും ചെയ്യുന്ന ദുരന്ത കാഴ്ചയാണ് സംസ്ഥാനം കണ്ടത്.
പാലക്കാട്ടെ വിജയത്തിന് പിന്നാലെ രാഹുലിന്റെ അഹങ്കാരത്തിന് കൈയും കാലും വെച്ചതായി പാർട്ടിയിലും പുറത്തും ആക്ഷേപം ഉയർന്നിരുന്നു. കഴിഞ്ഞ ഓഗസ്റ്റ് മാസത്തോടെയാണ് രാഹുലിനെതിരായ ലൈംഗിക പീഡനാരോപണങ്ങളും മറ്റു അപഥസഞ്ചാര കഥകളും പരസ്യമായി ചർച്ചയാകാൻ തുടങ്ങിയത്.
‘ഹൂ കെയേഴ്സ്’ എന്ന ധാർഷ്ട്യം
ഗുരുതരമായ ആരോപണങ്ങൾ ഉയർന്നപ്പോഴും, ‘ഹൂ കെയേഴ്സ്’ എന്ന മറുപടി നൽകി രാഹുൽ മാങ്കൂട്ടത്തിൽ തൻ്റെ ധാർഷ്ട്യം പ്രകടമാക്കി. ഇതോടെ നേതാവിനെതിരെ കോൺഗ്രസിനുള്ളിൽ തന്നെ ശക്തമായ വികാരം ഉടലെടുക്കുകയായിരുന്നു.
ആരോപണങ്ങൾ പ്രചരിച്ച ഘട്ടത്തിൽ തന്നെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ ഇടപെടലിനെ തുടർന്ന് ഇദ്ദേഹത്തെ പാർലമെന്ററി പാർട്ടിയിൽ നിന്നും കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സസ്പെൻഡ് ചെയ്തിരുന്നു. എന്നാൽ, പാർട്ടിയിലെ ഒരു വിഭാഗം നേതാക്കൾ അപ്പോഴും രാഹുലിന് പിന്തുണയുമായി രംഗത്തെത്തിയത് കോൺഗ്രസ് നേതൃത്വത്തിന് കൂടുതൽ നാണക്കേടുണ്ടാക്കി.
അവസാനം, ലൈംഗിക പീഡന കേസിൽ കോടതി രാഹുലിൻ്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ പാർട്ടിക്ക് മുന്നിൽ മറ്റ് വഴികളില്ലാതായി. ഇതോടെയാണ് എം.എൽ.എ.യെ കോൺഗ്രസിൻ്റെ പ്രാഥമിക അംഗത്വത്തിൽ നിന്നും സ്ഥിരമായി പുറത്താക്കാനുള്ള നിർണ്ണായക തീരുമാനം നേതൃത്വം എടുത്തത്. ഒരു യുവനേതാവ് തൻ്റെ രാഷ്ട്രീയ ഭാവി സ്വന്തം പ്രവർത്തികൾ കൊണ്ട് നശിപ്പിച്ച രാഷ്ട്രീയ ഹരാകിരി എന്ന നിലയിലാണ് രാഹുലിന്റെ പതനം വിലയിരുത്തപ്പെടുന്നത്.