തിരുവനന്തപുരം: സർക്കാർ ഓഫിസുകളിലെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി കുറയ്ക്കുന്നത് സംബന്ധിച്ച് ചീഫ് സെക്രട്ടറി ഡോ. എ. ജയതിലക് വിളിച്ച സർവീസ് സംഘടനകളുടെ യോഗം മാറ്റിവയ്ക്കണമെന്ന് ധനകാര്യ വകുപ്പിലെ കോൺഗ്രസ് സംഘടനയായ കേരള ഫൈനാൻസ് സെക്രട്ടറിയേറ്റ് അസോസിയേഷൻ (കെ.എഫ്.എസ്.എ) ആവശ്യപ്പെട്ടു. ഈ മാസം 5-ന് നിശ്ചയിച്ചിരുന്ന യോഗമാണ് മാറ്റിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംഘടന പൊതുഭരണ (ഏകോപന) സെക്രട്ടറിക്ക് കത്ത് നൽകി.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിന്റെ പെരുമാറ്റച്ചട്ടം നിലനിൽക്കുന്ന സാഹചര്യത്തിൽ യോഗം വിളിക്കുന്നത് സർക്കാർ ജീവനക്കാരെ സ്വാധീനിക്കാൻ കാരണമായേക്കുമെന്ന് ചൂണ്ടിക്കാട്ടിയാണ് സംഘടന ഈ ആവശ്യം ഉന്നയിച്ചത്.
പ്രവൃത്തി ദിനങ്ങൾ അഞ്ചാക്കി കുറയ്ക്കുന്നതിന് യോഗം വിളിച്ച സർക്കാർ നടപടിയെ സംഘടന സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാൽ, നിലവിലെ സാഹചര്യത്തിൽ യോഗം മാറ്റിവയ്ക്കണം. പെരുമാറ്റച്ചട്ടം അവസാനിച്ചതിന് ശേഷം സൗകര്യപ്രദമായ ഒരു തീയതിയിലേക്ക് യോഗം മാറ്റണമെന്ന് കെ.എഫ്.എസ്.എ ജനറൽ സെക്രട്ടറി ബി. നൗഷാദ് കത്തിൽ ആവശ്യപ്പെട്ടു.
![]()
