പത്തനംതിട്ട: “കൺഫ്യൂഷൻ തീർക്കണമേ എൻ്റെ കൺഫ്യൂഷൻ തീർക്കണമേ” – ‘സമ്മർ ഇൻ ബത്ലഹേം’ എന്ന സിനിമയിലെ ഈ സൂപ്പർ ഹിറ്റ് ഗാനം ഇപ്പോൾ പത്തനംതിട്ടയിലെ രാഷ്ട്രീയ സാഹചര്യങ്ങൾക്ക് അന്വർഥമാവുകയാണ്. തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പിൽ വോട്ട് അഭ്യർഥിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി പത്തനംതിട്ടയിൽ എത്തിയാൽ ഈ പാട്ട് പാടുമെന്നാണ് നാട്ടുകാർ തമാശയായി പറയുന്നത്. അതിനു കാരണമിതാണ്:
കേന്ദ്രമന്ത്രിസഭയിൽ നരേന്ദ്ര മോദിക്കൊപ്പം മന്ത്രിയായിരിക്കുന്ന എച്ച്.ഡി. കുമാരസ്വാമിയുടെ പാർട്ടിയായ ജനതാദൾ (സെക്കുലർ)-ജെഡി(എസ്) സ്ഥാനാർഥികൾ പത്തനംതിട്ടയിൽ മത്സരിക്കുന്നുണ്ട്. പത്തനംതിട്ട ജില്ലാ പഞ്ചായത്തിലെ കോഴഞ്ചേരി ഡിവിഷനിൽ ചെറിയാൻ സി. ജോണും തിരുവല്ല നഗരസഭയിലെ 37-ാം വാർഡിൽ പ്രൊഫ. റീത്തു മറിയ ജേക്കബുമാണ് കുമാരസ്വാമിയുടെ പാർട്ടിയുടെ ‘നെൽക്കതിർ ചുമക്കുന്ന വനിത’ എന്ന ചിഹ്നത്തിൽ മത്സരിക്കുന്നത്.

എവിടെയാണ് കൺഫ്യൂഷൻ?
തൻ്റെ മന്ത്രിസഭയിലെ ഒരു മന്ത്രിയുടെ പാർട്ടിക്കുവേണ്ടി വോട്ട് തേടാൻ പ്രധാനമന്ത്രി എത്തിയാൽ ആരും കുറ്റം പറയില്ല. എന്നാൽ, ഈ രണ്ട് സ്ഥാനാർഥികളും മത്സരിക്കുന്നത് എൽ.ഡി.എഫ്. (ഇടതുപക്ഷ ജനാധിപത്യ മുന്നണി) സ്ഥാനാർഥികളായിട്ടാണ് എന്നതാണ് ഇവിടത്തെ കൗതുകകരമായ വസ്തുത.

കേന്ദ്രത്തിൽ എൻഡിഎ സഖ്യകക്ഷിയായ ജെഡി(എസ്) കേരളത്തിൽ എൽഡിഎഫിന്റെ സുപ്രധാന ഘടകകക്ഷിയാണ്. അതുകൊണ്ടുതന്നെ, പത്തനംതിട്ടയിൽ വോട്ട് ചോദിക്കാൻ മോദി എത്തിയാൽ, അദ്ദേഹം നേരിടുന്ന രാഷ്ട്രീയപരമായ ആശയക്കുഴപ്പം ചെറുതായിരിക്കില്ല. “കൺഫ്യൂഷൻ തീർക്കണമേ” എന്ന പാട്ട് പാടിയില്ലെങ്കിലേ അത്ഭുതപ്പെടാനുള്ളൂ!
ചില്ലറക്കാരനല്ല കുമാരസ്വാമി. അദ്ദേഹത്തിൻ്റെ പാർട്ടിക്ക് കേരളത്തിൽ രണ്ട് എംഎൽഎമാരുണ്ട്: പിണറായി മന്ത്രിസഭയിലെ വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടിയും തിരുവല്ല എംഎൽഎ മാത്യു ടി. തോമസും.
കേന്ദ്രം ഭരിക്കുന്ന എൻഡിഎയുടെ ഘടകകക്ഷികൾ കേരളം ഭരിക്കുന്ന കമ്യൂണിസ്റ്റ് മന്ത്രിസഭയിലും ഘടകകക്ഷികളായി തുടരുന്ന ഈ രാഷ്ട്രീയ പ്രതിഭാസം, കലികാലത്തിൻ്റെ അത്ഭുതമായാണ് വിലയിരുത്തപ്പെടുന്നത്.
![]()
