തിരുവനന്തപുരം: കേരളത്തിന്റെ വിദ്യാഭ്യാസ മേഖലയിലെ മൂലധന ചെലവുകൾ ‘നാമമാത്രം’ ആണെന്ന ഗുരുതര വെളിപ്പെടുത്തലുമായി മുഖ്യമന്ത്രിയുടെ ചീഫ് പ്രിൻസിപ്പൽ സെക്രട്ടറിയും കിഫ്ബി സിഇഒയുമായ കെ.എം. ഏബ്രഹാം. പ്രൈമറി, സെക്കണ്ടറി, ഹയർ സെക്കണ്ടറി, കോളേജ് വിദ്യാഭ്യാസം, യൂണിവേഴ്സിറ്റി വിദ്യാഭ്യാസം, കായിക മേഖല എന്നിവയുൾപ്പെടെ ആറ് സുപ്രധാന മേഖലകളിലായി സംസ്ഥാനം ഒരു വർഷം ക്യാപിറ്റൽ ബജറ്റിൽ ചെലവഴിക്കുന്നത് ഏകദേശം 646 മുതൽ 650 കോടി രൂപ മാത്രമാണെന്നാണ് ഇന്ത്യൻ എക്സ്പ്രസിന്റെ ‘ഡയലോഗ്’ പരിപാടിയിൽ അദ്ദേഹം വെളിപ്പെടുത്തിയത്.
വിദ്യാഭ്യാസ മേഖലയ്ക്ക് സംസ്ഥാന ധനവകുപ്പ് നൽകുന്ന പരിഗണനയുടെ കുറവാണ് ഈ ‘നാമമാത്രമായ’ തുകയ്ക്ക് കാരണമെന്ന വിമർശനം ഈ വെളിപ്പെടുത്തലോടെ ശക്തമാവുകയാണ്. എന്നാൽ, ഈ മേഖലയിൽ കിഫ്ബി വഴി 8000 കോടി രൂപയുടെ പദ്ധതികളാണ് നടപ്പിലാക്കുന്നതെന്നും കെ.എം. ഏബ്രഹാം അവകാശപ്പെട്ടു.
സംസ്ഥാനത്തിൻ്റെ വാർഷിക ബജറ്റിലെ വിദ്യാഭ്യാസ മൂലധന ചെലവ് 650 കോടിയിൽ ഒതുങ്ങുന്നത് വിദ്യാഭ്യാസ രംഗത്തോടുള്ള സമീപനത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ ഉയർത്തുന്നു. സർക്കാർ തലത്തിൽ വിദ്യാഭ്യാസത്തിന് ലഭിക്കുന്ന പരിഗണനയും കിഫ്ബിയിലൂടെയുള്ള നിക്ഷേപവും തമ്മിലുള്ള വലിയ അന്തരം ഈ കണക്കുകൾ വ്യക്തമാക്കുന്നു.
![]()
