തിരുവനന്തപുരം: ആസന്നമായ തദ്ദേശ, നിയമസഭ തിരഞ്ഞെടുപ്പിൽ ഭരണവിരുദ്ധ വികാരം കനത്ത വെല്ലുവിളിയാകുമെന്ന ഉറപ്പായതോടെ മുഖം മിനുക്കാനുള്ള നിർണ്ണായക നീക്കങ്ങളുമായി സി.പി.എം നേതൃത്വം. ഭരണ വിരുദ്ധ വികാരത്തിനൊപ്പം ശബരിമലയിലെ മോഷണവുമായി ബന്ധപ്പെട്ട വിവാദങ്ങളും എൽ.ഡി.എഫ് സർക്കാരിന് തിരിച്ചടിയായിട്ടുണ്ട്. ഈ സാഹചര്യത്തിൽ, 2021-ലെ തന്ത്രങ്ങളിൽ മാറ്റം വരുത്തി കൂടുതൽ പുതുമുഖങ്ങളെ സ്ഥാനാർത്ഥികളാക്കാനാണ് പാർട്ടി ആലോചിക്കുന്നത്.
പുതുമുഖങ്ങളെ അവതരിപ്പിക്കുന്നതിലൂടെ ഭരണവിരുദ്ധ വികാരം മറികടക്കാമെന്നാണ് സി.പി.എം കരുതുന്നത്. ഇതിന്റെ ഭാഗമായി അന്തരിച്ച ജനപ്രിയ നേതാവ് വി.എസ്. അച്യുതാനന്ദൻ്റെ മകൻ വി.എ. അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കാൻ പാർട്ടി പദ്ധതിയിടുന്നു. വി.എസിൻ്റെ ജന്മനാടായ അമ്പലപ്പുഴയിലായിരിക്കും അരുൺകുമാർ മത്സരിക്കുക.
ഇവിടെയാണ് മറ്റൊരു നിർണ്ണായക നീക്കത്തിന് കളമൊരുങ്ങുന്നത്. അമ്പലപ്പുഴയിലെ നിലവിലെ എം.എൽ.എയും ജി. സുധാകരൻ്റെ എതിർ ചേരിയിലുള്ളയാളുമായ എച്ച്. സലാമിനെ മണ്ഡലം മാറ്റി കായംകുളത്തേക്ക് മത്സരിപ്പിക്കാനാണ് ആലോചന. കായംകുളത്തെ സി.പി.എം എം.എൽ.എ പ്രതിഭാ ഹരിക്ക് ഇത്തവണ സീറ്റ് ലഭിക്കില്ലെന്നാണ് സൂചന.
സലാമിന് വേണ്ടി കായംകുളം സീറ്റിൽ മുഖ്യമന്ത്രിയുടെ മരുമകൻ കൂടിയായ മന്ത്രി മുഹമ്മദ് റിയാസ് ശക്തമായി പിടിമുറുക്കുന്നുണ്ട്.
അമ്പലപ്പുഴയിൽ അരുൺകുമാറിനെ സ്ഥാനാർത്ഥിയാക്കുന്നതിലൂടെ പാർട്ടി പ്രവർത്തകരിലും പൊതുജനങ്ങളിലും ഒരുപോലെ ആവേശമുണ്ടാക്കാനാണ് സി.പി.എം ശ്രമിക്കുന്നത്.
എന്നാൽ, ഈ പരീക്ഷണങ്ങൾ ഭരണവിരുദ്ധ വികാരം മറികടന്ന് വിജയത്തിൽ എത്തുമോ എന്ന് കണ്ടറിയണം. കാരണം അത്രമേൽ ശക്തമാണ് സംസ്ഥാനത്തെ ഭരണവിരുദ്ധ വികാരം.
![]()
