തിരുവനന്തപുരം: ദേശീയ ശരാശരിയേക്കാൾ ഉയർന്ന GST വരുമാന വളർച്ച രേഖപ്പെടുത്തി കേരളം. 2026 ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെയുള്ള സഞ്ചിത കണക്കുകൾ പ്രകാരം, കേരളത്തിന്റെ പോസ്റ്റ്-സെറ്റിൽമെന്റ് GST വരുമാനം 21 ശതമാനം ഉയർന്നപ്പോൾ ദേശീയ ശരാശരി 16 ശതമാനമാണ്. സംസ്ഥാനത്തിന്റെ നികുതി വരുമാന അടിത്തറ ശക്തിപ്പെടുന്നതിന്റെ സൂചനയായാണ് ഈ കണക്കുകൾ വിലയിരുത്തപ്പെടുന്നത്.
2025 ഓഗസ്റ്റിനെ അപേക്ഷിച്ച് 2026 ഓഗസ്റ്റിൽ കേരളത്തിന്റെ മൊത്തം സംസ്ഥാന GST വരുമാനം ₹2,717 കോടിയിൽ നിന്ന് ₹3,078 കോടിയായി ഉയർന്നു. ഇതോടെ വാർഷിക വളർച്ച 13 ശതമാനമായി. പ്രീ-സെറ്റിൽമെന്റ് SGST വരുമാനം 12 ശതമാനം ഉയർന്ന് ₹1,221 കോടിയിൽ നിന്ന് ₹1,369 കോടിയായി. പോസ്റ്റ്-സെറ്റിൽമെന്റ് SGST, IGST വിഹിതം ഉൾപ്പെടെ, ₹2,803 കോടിയിൽ നിന്ന് ₹3,268 കോടിയായി ഉയർന്ന് 17 ശതമാനം വളർച്ച രേഖപ്പെടുത്തി.
ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ 21% വളർച്ച
ഏപ്രിൽ–ഓഗസ്റ്റ് കാലയളവിലാണ് കേരളത്തിന്റെ പ്രകടനം കൂടുതൽ ശ്രദ്ധേയമാകുന്നത്. ഈ കാലയളവിലെ സഞ്ചിത പ്രീ-സെറ്റിൽമെന്റ് വരുമാനം ₹6,511 കോടിയിൽ നിന്ന് ₹7,489 കോടിയായി ഉയർന്ന് 15 ശതമാനം വളർച്ച രേഖപ്പെടുത്തി. അതേസമയം പോസ്റ്റ്-സെറ്റിൽമെന്റ് വരുമാനം ₹13,319 കോടിയിൽ നിന്ന് ₹16,132 കോടിയായി ഉയർന്നു. ഇതാണ് 21 ശതമാനം വളർച്ചയായി രേഖപ്പെടുത്തിയിരിക്കുന്നത്. ദേശീയ ശരാശരിയായ 16 ശതമാനത്തേക്കാൾ അഞ്ച് ശതമാനം പോയിന്റ് കൂടുതലാണ് കേരളത്തിന്റെ വളർച്ച.
സതീശൻ സർക്കാരിന്റെ സാമ്പത്തിക നയങ്ങൾ ചർച്ചയാകുന്നു
ഈ പശ്ചാത്തലത്തിലാണ് മുഖ്യമന്ത്രി വി.ഡി. സതീശന്റെ സാമ്പത്തിക നയങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ശക്തമാകുന്നത്. സാമ്പത്തിക പ്രതിസന്ധികൾക്കിടയിലും താഴെത്തട്ടിലുള്ള ജനങ്ങളിലേക്ക് പണം എത്തിക്കുകയും വിപണിയിലെ പണത്തിന്റെ ചംക്രമണം വർധിപ്പിക്കുകയും ചെയ്യുന്ന നടപടികൾ സമ്പദ്‌വ്യവസ്ഥയ്ക്ക് ഉണർവ് നൽകി.
ആശാ വർക്കർമാരുടെ വേതന വർധന, സാമൂഹ്യസുരക്ഷാ പെൻഷനുകളുടെ കൃത്യമായ വിതരണം, പൊതുവിതരണ സംവിധാനത്തിലൂടെ നിത്യോപയോഗ സാധനങ്ങൾ ന്യായവിലയ്ക്ക് ലഭ്യമാക്കൽ തുടങ്ങിയ നടപടികൾ ജനങ്ങളുടെ കൈകളിലേക്ക് പണം എത്തിക്കുന്നതിനും ചെലവിടൽ ശേഷി നിലനിർത്തുന്നതിനും സഹായിച്ചു. പണം പണത്തെ പ്രസവിക്കുന്നു എന്ന അടിസ്ഥാന ധനകാര്യ തത്വം ആണ് സതീശൻ പ്രയോഗിച്ചത്. അത് ലക്ഷ്യം കണ്ടു.
