കൊച്ചി: സി.എം.ആർ.എൽ – എക്സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകൾ ടി. വീണയ്ക്കെതിരെ ഗുരുതര കണ്ടെത്തലുകളുമായി എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). വീണ ദുബായിലേക്ക് 3.49 ലക്ഷം ദിർഹം (ഏകദേശം 85 ലക്ഷം രൂപ) മാറ്റിയതായി വ്യക്തമാക്കുന്ന രേഖകൾ കണ്ടെത്തിയതായി ഇ.ഡി അറിയിച്ചു. ഇതിനുപുറമെ, ഇന്ത്യൻ കറൻസിയിൽ 20.05 കോടി രൂപയുടെ ഇടപാടുകൾ നടത്തിയതിന്റെ വിവരങ്ങൾ അടങ്ങിയ വീണയുടെ കൈപ്പടയിലുള്ള കുറിപ്പുകളും റെയ്ഡിൽ പിടിച്ചെടുത്തു.
വീണയുടെ ഭർത്താവും മുൻ മന്ത്രിയുമായ പി.എ. മുഹമ്മദ് റിയാസിന്റെ കോഴിക്കോട്ടെ സുഹൃത്തുക്കളുടെ വീടുകളിലും ഇ.ഡി പരിശോധന നടത്തിയിരുന്നു. ഈ പരിശോധനകളിലൂടെ പണമിടപാടുകൾ ഹവാല മാർഗ്ഗങ്ങളിലൂടെയാണ് നടന്നതെന്നതിന്റെ നിർണായക തെളിവുകൾ ലഭിച്ചതായി കേന്ദ്ര ഏജൻസി വ്യക്തമാക്കി.
തിരുവനന്തപുരത്ത് വീണ താമസിക്കുന്ന വീട്ടിൽ നടത്തിയ റെയ്ഡിൽ കൈപ്പടയിലുള്ള ഡയറിയും മറ്റ് രേഖകളും ഇ.ഡി പിടിച്ചെടുത്തിരുന്നു. വീണ സ്വന്തമായി കണക്കുകൾ എഴുതി സൂക്ഷിച്ചിരുന്ന കടലാസുകളിൽ നിന്നാണ് വ്യക്തികളുടെ പേരുകളും, ദുബായിലേക്ക് പണം അയച്ചതുൾപ്പെടെയുള്ള സാമ്പത്തിക വിവരങ്ങളും കണ്ടെത്തിയത്. കൂടാതെ, മറ്റൊരാളുടെ പേരിലുള്ള സിം കാർഡാണ് ഇന്റർനെറ്റ് കോളിങ്ങിനായി വീണ ഉപയോഗിച്ചിരുന്നതെന്നും കണ്ടെത്തിയിട്ടുണ്ട്.
വീണയുടെ ഡയറിയിലെ വിവരങ്ങളുടെ അടിസ്ഥാനത്തിൽ മന്ത്രി മുഹമ്മദ് റിയാസിനെയും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെയും ഇ.ഡി വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും. ഡി.വൈ.എഫ്.ഐ, സി.പി.എം നേതാക്കളായ പി. നിഖിൽ, പി.സി. ഷൈജൽ, ഫെബിഷ് മൂത്തേടത്ത്, ഡാനിഷ് കുളങ്ങര, ഫൈസൽ തുടങ്ങിയവരുടെ വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ റെയ്ഡ് നടന്നത്. ശക്തമായ തുടർ നിയമനടപടികളിലേക്ക് കടക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
