തിരുവനന്തപുരം: മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി. വീണ ഉൾപ്പെട്ട എക്സാലോജിക്-സി.എം.ആർ.എൽ (CMRL) സാമ്പത്തിക തട്ടിപ്പ് കേസിൽ ഇ.ഡി അന്വേഷണം നിർണ്ണായക വഴിത്തിരിവുകളിലേക്ക് എത്തുമ്പോൾ, വാർത്ത പൂർണ്ണമായും മുക്കി സിപിഎം മുഖപത്രമായ ദേശാഭിമാനി. എല്ലാ പ്രമുഖ വാർത്താ മാധ്യമങ്ങളും പത്രങ്ങളും വൻ പ്രാധാന്യത്തോടെ പ്രധാന തലക്കെട്ടായി റിപ്പോർട്ട് ചെയ്ത കേസ്, ദേശാഭിമാനി ബോധപൂർവം ഒഴിവാക്കുകയായിരുന്നു.
എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) വീണ വിജയനിൽ നിന്ന് കൂടുതൽ രേഖകൾ പിടിച്ചെടുക്കുകയും ദുബായ് ഫണ്ട് ട്രാൻസ്ഫർ അടക്കമുള്ള ആരോപണങ്ങളിൽ അന്വേഷണം ശക്തമാക്കുകയും ചെയ്ത ഘട്ടത്തിലാണ് പാർട്ടി പത്രത്തിന്റെ ഈ ഇരുട്ടടി. പിണറായി വിജയനെ ഭയന്നാണ് പാർട്ടി പത്രമായ ദേശാഭിമാനി ഈ വാർത്ത പൂർണ്ണമായും തമസ്കരിച്ചത്.
സി.എം.ആർ.എൽ കമ്പനിയിൽ നിന്ന് എക്സാലോജിക് കമ്പനിക്ക് നൽകാത്ത സേവനത്തിന്റെ പേരിൽ കോടികൾ ലഭിച്ചെന്ന എസ്.എഫ്.ഐ.ഒ (SFIO) കുറ്റപത്രത്തിന് പിന്നാലെയാണ് ഇ.ഡി പണം കൈമാറ്റത്തിന്റെ വിവരങ്ങൾ പുറത്തുവിട്ടത്. എന്നാൽ ഇതിനു മുൻപ് മാസപ്പടി കേസിൽ വീണയെ ന്യായീകരിച്ചു മുഖപ്രസംഗമെഴുതിയ ദേശാഭിമാനി, പുതിയ വെളിപ്പെടുത്തലുകളിൽ ഉത്തരം മുട്ടി നിൽക്കുകയാണ്.
