സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെ (ബെൽജിയം) — വേനൽക്കാല അവധിക്കാലത്ത് പോക്കറ്റ് മണിക്കും പഠനാവശ്യങ്ങൾക്കുമായി കെട്ടിട നിർമാണ മേഖലയിൽ ജോലിക്കിറങ്ങിയ 18-കാരനായ ബെൽജിയൻ വിദ്യാർത്ഥിയെ തേടിയെത്തിയത് കോടികളുടെ നിധിശേഖരം. ബെൽജിയത്തിലെ സിന്റ്-ഗില്ലിസ്-ഡെൻഡർമോണ്ടെയിൽ ഓവുചാൽ നിർമാണത്തിനായി കുഴിയെടുക്കുന്നതിനിടെ ഏകദേശം 9 ദശലക്ഷം യൂറോ (ഏകദേശം 85 കോടിയിലധികം ഇന്ത്യൻ രൂപ) മൂല്യം വരുന്ന അപൂർവ സ്വർണശേഖരമാണ് കണ്ടെത്തിയത്.
1 യൂറോ നാണയമെന്ന് കരുതി; പുറത്തെടുത്തത് സ്വർണക്കട്ടികൾ
ബ്രസൽസിന് വടക്കുപടിഞ്ഞാറുള്ള പഴയ മദ്യനിർമാണശാല സ്ഥിതി ചെയ്തിരുന്ന സ്ഥലത്തായിരുന്നു കോബി എന്ന 18-കാരനും സഹപ്രവർത്തകരും ഡ്രെയിനേജ് പൈപ്പുകൾ സ്ഥാപിക്കാനായി കുഴിയെടുത്തിരുന്നത്.
മണ്ണുമാന്തുന്നതിനിടെ തിളങ്ങുന്ന സാധനങ്ങൾ കണ്ട കോബി ആദ്യം കരുതിയത് അത് വെറുമൊരു 1 യൂറോയുടെ നാണയങ്ങളാണെന്നാണ്. എന്നാൽ മണ്ണ് നീക്കി പരിശോധിച്ചപ്പോഴാണ് അത് അക്കങ്ങൾ രേഖപ്പെടുത്തിയ സ്വർണക്കട്ടികളും സ്വർണ നാണയങ്ങളുമാണെന്ന് മനസ്സിലായത്.
”പെട്ടെന്നാണ് മണ്ണിൽ എന്തോ തിളങ്ങുന്നത് കണ്ടത്. ആദ്യം വെറുമൊരു നാണയമാണെന്നാണ് കരുതിയത്. എന്നാൽ കുഴിച്ചു നോക്കിയപ്പോൾ സ്വർണക്കട്ടികൾ കണ്ടു. ഒരു സാധാരണ ചൊവ്വാഴ്ച രാവിലെ ജോലി ചെയ്യുമ്പോൾ ഇങ്ങനെ ഒന്ന് ആരും പ്രതീക്ഷിക്കില്ലല്ലോ,” കോബി പ്രാദേശിക മാധ്യമങ്ങളോട് പറഞ്ഞു.
100 വർഷത്തോളം പഴക്കമുള്ള രഹസ്യം
1899-ൽ പ്രവർത്തനം ആരംഭിക്കുകയും 1970-ൽ അടച്ചുപൂട്ടുകയും ചെയ്ത പഴയ മദ്യനിർമാണശാലയുടെ ഉടമയായിരുന്ന തിയോഫിലസ് വാൻ ആഷെയുടെ വലിയ ബംഗ്ലാവിന്റെ അടിത്തറയിലെ ചുവരിലാണ് സ്വർണം ഒളിപ്പിച്ചു വെച്ചിരുന്നത്. ചുവരുകൾ കട്ടകെട്ടി അടച്ച നിലയിലായിരുന്നു ഈ ബാഗ് സൂക്ഷിച്ചിരുന്നത്. സാമൂഹിക ക്ഷേമ സംഘടനയായ സി.എ.ഡബ്ല്യു (CAW) ഓഫീസ് നിർമാണത്തിനായി ഈ പഴയ കെട്ടിടം പുനരുദ്ധരിക്കുന്നതിനിടെയാണ് ഈ അത്ഭുത കണ്ടെത്തൽ.
നിയമപരമായ നടപടികളും അവകാശവാദവും
സ്വർണം കണ്ടെത്തിയ ഉടൻ തന്നെ വിദ്യാർത്ഥിയും കൂട്ടരും പൊലീസിനെയും അതോറിറ്റിയെയും വിവരമറിയിച്ചു. തുടർന്ന് സുരക്ഷ മുൻനിർത്തി സ്വർണം ബ്രസൽസിലെ സുരക്ഷിതകേന്ദ്രത്തിലേക്ക് മാറ്റി.
ബെൽജിയൻ നിയമപ്രകാരം, കണ്ടെടുത്ത നിധി കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ചതല്ലെന്ന് ഉറപ്പുവരുത്താൻ വിശദമായ അന്വേഷണം നടത്തും.
യഥാർത്ഥ അവകാശികൾക്ക് ക്ലെയിം ഉന്നയിക്കാൻ 5 വർഷത്തെ കാത്തിരിപ്പ് കാലാവധി നിയമപരമായി നൽകേണ്ടതുണ്ട്.
വാൻ ആഷെ കുടുംബത്തിലെ തലമുറകൾക്കും, നിർമാണ കമ്പനിക്കും, വസ്തുവിന്റെ നിലവിലെ ഉടമസ്ഥർക്കും ഇതിന്മേൽ അവകാശവാദമുന്നയിക്കാം.
കോടികളുടെ സ്വർണം നിയമപരമായി അധികാരികൾക്ക് കൈമാറിയെങ്കിലും, എല്ലാ നിയമനടപടിയും പൂർത്തിയായ ശേഷം തങ്ങൾക്ക് അർഹമായ സമ്മാനത്തുക (Finder’s Reward) ലഭിക്കുമെന്ന പ്രതീക്ഷയിലാണ് കോബിയും സഹപ്രവർത്തകരും.
