കൊച്ചി: ആന്റോ അഗസ്റ്റിൻ ഉൾപ്പെട്ട കോടികളുടെ ജി.എസ്.ടി (GST) നികുതി വെട്ടിപ്പ് കേസ് പുറത്തുകൊണ്ടുവന്ന ഇന്റലിജൻസ് ഓഫീസർ രത്നാകരനെ കാസർകോട് നിന്ന് തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റിയത് സംസ്ഥാനത്ത് വീണ്ടും ചർച്ചയാകുന്നു.
മെസ്സിയെ കോടികൾ നൽകി കേരളത്തിലേക്ക് കൊണ്ടുവരുന്നു എന്ന തരത്തിൽ ആന്റോ അഗസ്റ്റിൻ പങ്കുവെച്ച ഫേസ്ബുക്ക് കുറിപ്പും, ഇതിനു പിന്നാലെ വന്ന പത്രവാർത്തകളും ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് ഇൻ്റലിജസ് ഓഫീസറായ രത്നാകരൻ ഇയാളുടെ സാമ്പത്തിക ഇടപാടുകളെക്കുറിച്ച് അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിൽ വൻതോതിലുള്ള ജി.എസ്.ടി ക്രമക്കേടുകൾ നടന്നിട്ടുണ്ടെന്ന് അദ്ദേഹം കണ്ടെത്തുകയായിരുന്നു.
താൻ കണ്ടെത്തിയ ഗുരുതരമായ നികുതി വെട്ടിപ്പും വിവരങ്ങളും അടങ്ങിയ വിശദമായ ഇന്റലിജൻസ് റിപ്പോർട്ട് രത്നാകരൻ കോഴിക്കോട് സോണിലെ ജോയിന്റ് കമ്മീഷണർക്ക് കൈമാറി. എന്നാൽ റിപ്പോർട്ട് സമർപ്പിച്ചതിന് തൊട്ടുപിന്നാലെയാണ് നാടകീയമായ സംഭവവികാസങ്ങൾ ഉണ്ടായത്.
ഉദ്യോഗസ്ഥൻ്റെ റിപ്പോർട്ടിൽ തുടർ നടപടി എടുക്കേണ്ടതിന് പകരം, കാസർകോട് സ്വദേശിയായ രത്നാകരനെ ദൂരസ്ഥലമായ തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റുകയാണ് കെ.എൻ. ബാലഗോപാലിൻ്റെ നികുതി വകുപ്പ് ചെയ്തത്. പകരം കണ്ണൂർ സ്വദേശിയായ സജിനിയെ ആ സ്ഥാനത്ത് നിയമിക്കുകയും ചെയ്തു.
നികുതി വെട്ടിപ്പ് മാഫിയക്കെതിരെ ശക്തമായ നടപടിയെടുക്കേണ്ട സ്ഥാനത്ത്, തട്ടിപ്പ് പുറത്തുകൊണ്ടുവരുന്ന ഉദ്യോഗസ്ഥനെ ശിക്ഷിക്കുകയായിരുന്നു അന്നത്തെ ധനമന്തി കെ. എൻ ബാലഗോപാൽ.
