തിരുവനന്തപുരം: കാപ്പാ (KAAPA) കേസിൽ പ്രതിയായി വിയ്യൂർ ജയിലിൽ കഴിയുന്ന തിരുവനന്തപുരം കോർപ്പറേഷൻ വാഴോട്ടുകോണം വാർഡ് ബിജെപി കൗൺസിലർ ആർ. സുഗതന്റെ അവധി അപേക്ഷയുമായി ബന്ധപ്പെട്ട് തദ്ദേശ സ്വയംഭരണ വകുപ്പിൽ ഗുരുതര വീഴ്ച സംഭവിച്ചതായി കണ്ടെത്തൽ. തദ്ദേശ വകുപ്പ് മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും വ്യക്തമായ നിർദേശങ്ങൾ മറികടന്ന് സുഗതന് അനുകൂലമായി നിലപാടെടുത്ത തദ്ദേശവകുപ്പ് അണ്ടർ സെക്രട്ടറി ഡോ. ചിത്ര പി. അരുണിമയ്‌ക്കെതിരെ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു.
എൽ.ഡി.എഫ് സർക്കാരിന്റെ കാലത്ത് രൂപീകരിക്കപ്പെട്ട കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിന്റെ (KAS) ഒന്നാം ബാച്ചിലൂടെ നിയമിതയായ ഉദ്യോഗസ്ഥയാണ് ചിത്ര പി. അരുണിമ.
വിയ്യൂർ ജയിൽ സൂപ്രണ്ട് വഴി സുഗതൻ നൽകിയ അവധി അപേക്ഷ ആഭ്യന്തര വകുപ്പാണ് അഭിപ്രായത്തിനായി തദ്ദേശ സ്വയംഭരണ വകുപ്പിലേക്ക് അയച്ചത്. ഫയൽ പരിശോധിച്ച തദ്ദേശ വകുപ്പ് അസിസ്റ്റന്റ്, സംഭവത്തിൽ വകുപ്പ് പ്രത്യേകം നടപടികൾ സ്വീകരിക്കേണ്ടതില്ലെന്ന് കുറിപ്പെഴുതി. തുടർന്ന് അണ്ടർ സെക്രട്ടറി വഴി ഫയൽ കണ്ട സ്പെഷ്യൽ സെക്രട്ടറി ഷാനവാസും മന്ത്രിയും അപേക്ഷയ്ക്ക് അനുമതി നൽകേണ്ടതില്ലെന്ന് വ്യക്തമായി ഫയലിൽ രേഖപ്പെടുത്തി.
നിർദേശം അട്ടിമറിക്കപ്പെട്ടത് ഇങ്ങനെ:
എന്നാൽ, മന്ത്രിയുടെയും സ്പെഷ്യൽ സെക്രട്ടറിയുടെയും ഉത്തരവുകൾ നിലനിൽക്കെ, അത് മറികടന്നുകൊണ്ട് അണ്ടർ സെക്രട്ടറി ഡോ. ചിത്ര അരുണിമ സുഗതന്റെ അപേക്ഷ കോർപ്പറേഷൻ കൗൺസിലിൽ വോട്ടിനിടാൻ ആഭ്യന്തര വകുപ്പിനോട് ആവശ്യപ്പെടുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ജൂലൈ 20-ന് തദ്ദേശ വകുപ്പിൽ നിന്നു ലഭിച്ച കുറിപ്പ് അതേപടി പകർത്തി ആഭ്യന്തര അണ്ടർ സെക്രട്ടറി തിരുവനന്തപുരം മേയർക്ക് കത്ത് നൽകി. തുടർന്ന് ജൂലൈ 31-ന് ചേർന്ന കൗൺസിൽ യോഗത്തിൽ വോട്ടെടുപ്പിലൂടെ സുഗതന്റെ 6 മാസത്തെ അവധി അപേക്ഷ പാസാക്കുകയും ചെയ്തു.
മന്ത്രിയും സ്പെഷ്യൽ സെക്രട്ടറിയും തള്ളിക്കളഞ്ഞ ഒരു ഫയലിൽ ഉദ്യോഗസ്ഥ സ്വയം ഇടപെട്ട് അനുകൂല തീരുമാനമെടുപ്പിച്ചത് ഭരണതലത്തിൽ വൻ വീഴ്ചയായാണ് വിലയിരുത്തപ്പെടുന്നത്. ഇതേത്തുടർന്നാണ് ഡോ. ചിത്രയ്‌ക്കെതിരെ ഉന്നതതല അന്വേഷണം നടത്താൻ തീരുമാനമായത്.