തൃശൂർ: പത്ത് വർഷത്തെ ഇടവേളയ്ക്ക് ശേഷം വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് സർക്കാർ കേരളത്തിൽ അധികാരം പിടിച്ചെടുത്തതിന് പിന്നാലെ കോൺഗ്രസിനുള്ളിൽ പുകയുന്ന ആഭ്യന്തര തർക്കങ്ങൾ പരസ്യമാകുന്നു. എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെതിരെ രൂക്ഷമായ വിമർശനവുമായി മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത രംഗത്തെത്തി. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം തന്റെ നിലപാട് വ്യക്തമാക്കിയത്.
”കെസി വേണുഗോപാൽ പിള്ളേരെക്കൊണ്ട് ചൂടുചോറു വാരിച്ച് കേരളത്തിലെ പാർട്ടിയേയും വടക്കേ ഇൻഡ്യൻ പരുവത്തിലാക്കും” – ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലീത്ത കുറിച്ചു.

വി.ഡി. സതീശൻ സർക്കാരിനെതിരെ കെ.സി. വേണുഗോപാൽ പിന്നണിയിൽ ഇരുന്ന് ചരടുവലികൾ നടത്തുകയാണെന്നും, കെ.എസ്.യു പ്രവർത്തകരെ മുൻനിർത്തി സർക്കാരിനെ പ്രതിരോധത്തിലാക്കാൻ ശ്രമിക്കുകയാണെന്നുമുള്ള ആക്ഷേപങ്ങൾക്കിടയിലാണ് മെത്രാപ്പോലീത്തയുടെ ഈ പ്രതികരണം. കേരളത്തിലെ ശക്തമായ കോൺഗ്രസ് സംവിധാനത്തെ തകർത്ത്, ഗ്രൂപ്പ് കളികളിലൂടെ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലെ പാർട്ടിയുടെ തകർച്ചയ്ക്ക് സമാനമായ അവസ്ഥയിലേക്ക് കെ.സി വേണുഗോപാൽ കേരളത്തെയും എത്തിക്കുമെന്നാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം മുന്നറിയിപ്പ് നൽകുന്നത്.
സഭയിലെ പ്രമുഖനായ വേദശാസ്ത്ര പണ്ഡിതനും അധ്യാപകനുമായ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്, സാമൂഹിക-രാഷ്ട്രീയ വിഷയങ്ങളിൽ എപ്പോഴും വിട്ടുവീഴ്ചയില്ലാത്ത നിലപാടുകൾ തുറന്നുപറയുന്ന വ്യക്തിയാണ്. അതുകൊണ്ടുതന്നെ ഭരണമാറ്റത്തിന് തൊട്ടുപിന്നാലെ കോൺഗ്രസിനകത്തെ അധികാരത്തർക്കങ്ങൾക്കെതിരെ ഒരു ആത്മീയ നേതാവ് നടത്തിയ ഈ പരസ്യവിമർശനം രാഷ്ട്രീയ കേന്ദ്രങ്ങളിൽ വലിയ ചർച്ചയായി മാറിയിട്ടുണ്ട്.