തിരുവനന്തപുരം: കേരളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിന് രൂപം നൽകിയ കിഫ്ബി (കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്മെന്റ് ഫണ്ട് ബോർഡ്) വീണ്ടും വിവാദച്ചുഴിയിൽ. കിഫ്ബിയിലെ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിന് പുറമെ ‘പ്രൊജക്റ്റ് അലവൻസ്’, കൺസൾട്ടൻസി ഫീസ് എന്നീ പേരുകളിൽ വൻതുക അധികമായി കൈപ്പറ്റുന്നുവെന്ന ആരോപണങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ശിപായി മുതൽ അഡീഷണൽ സെക്രട്ടറി വരെയുള്ള ഉദ്യോഗസ്ഥർക്ക് ഇത്തരം ആനുകൂല്യങ്ങൾ ലഭിക്കുന്നുണ്ടെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്.
പ്രൊജക്ട് അലവൻസ് ഇരട്ടിയാക്കി
കിഫ്ബിയിൽ കേഡർ, ഡെപ്യൂട്ടേഷൻ, വർക്കിങ് അറേഞ്ച്മെന്റ് വ്യവസ്ഥകളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് പ്രതിമാസം 20,000 രൂപ വീതം പ്രൊജക്ട് അലവൻസ് നൽകുന്നുണ്ട്. നേരത്തെ 10,000 രൂപയായിരുന്ന ഈ അലവൻസ് 2024 ഡിസംബർ 5-നാണ് 20,000 രൂപയായി ഉയർത്തിയത്.
കിഫ്ബിയിലെ കരാർ ജീവനക്കാർക്കും മുൻ സി.ഇ.ഒ കെ.എം എബ്രഹാം ഉൾപ്പെടെയുള്ള ഉയർന്ന ഉദ്യോഗസ്ഥർക്കും പ്രതിവർഷം ശമ്പളത്തിൽ 10 ശതമാനം വർധനവ് നൽകിയിരുന്നു. ഇത് വലിയ രീതിയിൽ വിമർശിക്കപ്പെട്ടതോടെയാണ് മറ്റ് ജീവനക്കാരെ തൃപ്തിപ്പെടുത്താനായി ‘പ്രൊജക്ട് അലവൻസ്’ എന്ന പേരിൽ പ്രതിമാസം 20,000 രൂപ വീതം അനുവദിക്കാൻ തുടങ്ങിയത്.
കിഫ്കോണിന്റെ പേരിലും അധിക വരുമാനം
ഇതിനുപുറമെ, കിഫ്ബിയുടെ കൺസൾട്ടൻസി സ്ഥാപനമായ ‘കിഫ്കോൺ’ (KIIFCON) വഴി ജീവനക്കാർ അധിക തുക കൈപ്പറ്റുന്നതായും ആരോപണമുണ്ട്. കിഫ്കോണിന്റെ പ്രവർത്തനങ്ങളെ പിന്തുണയ്ക്കുന്ന ജീവനക്കാർക്ക് അവിടെനിന്നും പ്രതിമാസം ഫീസായി മറ്റൊരു 20,000 രൂപയോളം ലഭിക്കുന്നുണ്ട്.
ചുരുക്കത്തിൽ കിഫ്ബിയിലെ ജീവനക്കാരിലേക്ക് മൂന്ന് രീതിയിലാണ് പ്രതിമാസ വരുമാനം എത്തുന്നത്:
പ്രതിമാസ ശമ്പളം (സാധാരണയായി ലഭിക്കുന്നത്).
പ്രൊജക്ട് അലവൻസ് (പ്രതിമാസം ₹20,000).
കിഫ്കോൺ ഫീസ് (ചില ജീവനക്കാർക്ക് ലഭിക്കുന്ന ₹20,000 രൂപയോളം വരുന്ന അധിക തുക).
പിണറായി സർക്കാരിൻ്റെ കിഫ് ബി ധൂർത്തിന് തടയിടാൻ ഒരുങ്ങുകയാണ് വി.ഡി. സതീശൻ സർക്കാർ. കിഫ്ബിയുടെ പ്രവർത്തനം സംബന്ധിച്ച് പഠിക്കാൻ സുധ പിള്ള (റിട്ട. ഐ.എ.എസ്) ചെയർപേഴ്സണായി അഞ്ചംഗ കമ്മിറ്റിയെ സർക്കാർ ഇന്നലെ നിയോഗിച്ചിട്ടുണ്ട്.