തിരുവനന്തപുരം: കേരളം ഇതുവരെ കണ്ടിട്ടില്ലാത്ത വിധം അതിശക്തമായ ഭരണവിരുദ്ധ തരംഗമാണ് സംസ്ഥാനത്ത് വീശിയടിക്കുന്നത്. ഭരണവിരുദ്ധ വികാരം വോട്ടായി മാറിയാൽ നിയമസഭയിൽ പ്രതിപക്ഷ നേതാവ് എന്ന പദവി പോലും സി.പി.എമ്മിന് നഷ്ടമാകുമോ എന്ന ചോദ്യമാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ സജീവമാകുന്നത്.
പ്രതിപക്ഷ നേതാവാകാൻ ’14’ എന്ന കടമ്പ
140 അംഗങ്ങളുള്ള കേരള നിയമസഭയിൽ ഔദ്യോഗിക പ്രതിപക്ഷ നേതാവ് പദവി ലഭിക്കണമെങ്കിൽ ആകെ സീറ്റുകളുടെ പത്ത് ശതമാനം അതായത് 14 സീറ്റുകൾ എങ്കിലും ഒരു പാർട്ടിക്ക് ലഭിക്കേണ്ടതുണ്ട്. എന്നാൽ നിലവിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ചാൽ സി.പി.എമ്മിന് ഇക്കുറി ഈ മാന്ത്രിക സംഖ്യ തികയ്ക്കാൻ കഴിയുമോ എന്ന കാര്യത്തിൽ കടുത്ത സംശയമാണ് ഉയരുന്നത്. മുഖ്യമന്ത്രി പിണറായി വിജയനും സർക്കാരിനും എതിരെ ജനമനസ്സുകളിൽ രൂപപ്പെട്ട കടുത്ത പ്രതിഷേധം വോട്ടെണ്ണൽ ദിനമായ മെയ് 4-ന് പ്രതിഫലിക്കുമെന്നാണ് സൂചന.
യു.ഡി.എഫ് 120 കടക്കും
ഭരണവിരുദ്ധ വികാരം അനുകൂലമാക്കാൻ കഴിഞ്ഞ യു.ഡി.എഫ് ഇക്കുറി വമ്പിച്ച മുന്നേറ്റമാണ് ലക്ഷ്യമിടുന്നത്. പല മണ്ഡലങ്ങളിലും സി.പി.എം കോട്ടകൾ പോലും തകരുന്ന കാഴ്ചയാകും ഉണ്ടാവുക എന്ന് രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു. യു.ഡി.എഫിന്റെ സീറ്റ് നില 120 കടന്നേക്കുമെന്നും, പിണറായി വിരുദ്ധ വികാരം ജനങ്ങൾക്കിടയിൽ അത്രമേൽ ആഴത്തിൽ പതിഞ്ഞിട്ടുണ്ടെന്നും രാഷ്ട്രീയ വൃത്തങ്ങൾ ചർച്ച ചെയ്യുന്നു.
പ്രതിപക്ഷ നേതാവ് ഇല്ലാത്ത സഭ?
നിയമസഭയിൽ ഒരു പാർട്ടിക്കും പത്ത് ശതമാനം സീറ്റുകൾ (14 സീറ്റ്) ലഭിക്കാതെ പോയാൽ ഔദ്യോഗികമായി ഒരു പ്രതിപക്ഷ നേതാവ് ഇല്ലാത്ത അവസ്ഥ കേരള നിയമസഭയിൽ സംജാതമായേക്കാം. ഇടതുകോട്ടകൾ എന്ന് വിശേഷിപ്പിക്കപ്പെടുന്ന പല മണ്ഡലങ്ങളിലും ഇക്കുറി കടുത്ത മത്സരമാണ് നടക്കുന്നത്. സി.പി.എമ്മിന്റെ പ്രധാന നേതാക്കൾ പോലും പരാജയഭീതിയിലാണെന്ന വാർത്തകൾ പുറത്തുവരുന്നത് ഈ സാഹചര്യത്തിലാണ്.
മെയ് 4-ന് തിരഞ്ഞെടുപ്പ് ഫലം പുറത്തു വരുമ്പോൾ കേരളം ഒരു പുതിയ ചരിത്രത്തിന് സാക്ഷ്യം വഹിക്കുമോ എന്നും, സി.പി.എം എന്ന പ്രസ്ഥാനം കേരള രാഷ്ട്രീയത്തിൽ അപ്രസക്തമാകുമോ എന്നും ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം.
![]()
