തിരുവനന്തപുരം: സംസ്ഥാനത്തെ പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരുടെ പെൻഷൻ പ്രായം 60 വയസ്സായി ഏകീകരിക്കാനുള്ള നീക്കവുമായി സർക്കാർ വീണ്ടും മുന്നോട്ട്. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് നേരത്തെ പിൻവലിച്ച തീരുമാനമാണ് പഠന റിപ്പോർട്ടിൻ്റെ മറവിൽ വീണ്ടും നടപ്പിലാക്കാൻ ഒരുങ്ങുന്നത്.
ഫയൽ ധനമന്ത്രിയുടെ മേശപ്പുറത്ത്
സെക്രട്ടറിയേറ്റിൽ ഇതുസംബന്ധിച്ച നടപടികൾ അതിവേഗം പുരോഗമിക്കുകയാണ്. പെൻഷൻ പ്രായം ഏകീകരിക്കുന്നത് സംബന്ധിച്ച ഫയൽ നിലവിൽ ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാലിൻ്റെ ഓഫീസിലെത്തിക്കഴിഞ്ഞു. ധനമന്ത്രിയുടെ പച്ചക്കൊടി ലഭിക്കുന്നതോടെ ഫയൽ മന്ത്രിസഭാ യോഗത്തിൽ പരിഗണനയ്ക്ക് വരും. മന്ത്രിസഭയുടെ അംഗീകാരം ലഭിച്ചാലുടൻ ഔദ്യോഗിക ഉത്തരവ് പുറത്തിറങ്ങും.
ബാധിക്കുന്നത് 122 സ്ഥാപനങ്ങളെ
നിലവിൽ കെ.എസ്.ഇ.ബി (KSEB), കേരള വാട്ടർ അതോറിറ്റി, കെ.എസ്.ആർ.ടി.സി (KSRTC) ഉൾപ്പെടെയുള്ള 122 പൊതുമേഖലാ സ്ഥാപനങ്ങളിലും 6 ധനകാര്യ കോർപ്പറേഷനുകളിലുമാണ് പെൻഷൻ പ്രായം വർദ്ധനവ് ബാധകമാകുക. നിലവിൽ ഓരോ സ്ഥാപനത്തിലും 56, 57, 58, 60 എന്നിങ്ങനെ വ്യത്യസ്തമായ പെൻഷൻ പ്രായമാണുള്ളത്. ഇത് ഏകീകരിച്ച് എല്ലാ സ്ഥാപനങ്ങളിലും 60 വയസ്സാക്കി മാറ്റാനാണ് സർക്കാരിൻ്റെ തീരുമാനം.
രണ്ടാം പിണറായി സർക്കാർ അധികാരമേറ്റതിന് പിന്നാലെ 2022 ഒക്ടോബറിൽ സമാനമായ രീതിയിൽ ഉത്തരവ് ഇറക്കിയിരുന്നു. എന്നാൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധം ഉയർന്നതോടെ സർക്കാർ ആ ഉത്തരവ് റദ്ദാക്കി ‘യു ടേൺ’ അടിച്ചു. വിഷയം പഠിക്കാനായി നിയോഗിച്ച സമിതി, പെൻഷൻ പ്രായം 60 ആക്കണമെന്ന് വീണ്ടും റിപ്പോർട്ട് നൽകിയതോടെയാണ് സർക്കാരിന് ആയുധമായത്. ഈ റിപ്പോർട്ടിനെ മുൻനിർത്തിയാണ് പഴയ തീരുമാനം നടപ്പിലാക്കാൻ സർക്കാർ ഒരുങ്ങുന്നത്.
![]()
