തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നതിനിടെ സോഷ്യൽ മീഡിയയിൽ തരംഗമായി ഒരു ചിത്രം. തിരുവനന്തപുരം സെക്രട്ടറിയേറ്റിന്റെ മെയിൻ ഗേറ്റിന് മുന്നിൽ സ്ഥാപിച്ചിട്ടുള്ള പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പടുകൂറ്റൻ ഫ്ലക്സ് ബോർഡും അതിന് മുന്നിലൂടെ മുഖ്യമന്ത്രി പിണറായി വിജയന്റെ ഔദ്യോഗിക വാഹനം കടന്നുപോകുന്നതുമാണ് ചിത്രത്തിലുള്ളത്.
കേരള സെക്രട്ടറിയേറ്റ് അസോസിയേഷൻ സ്ഥാപിച്ച ബോർഡിൽ വിരൽ ചൂണ്ടി നിൽക്കുന്ന വി.ഡി. സതീശന്റെ ചിത്രത്തോടൊപ്പം “പേടിച്ചു പോയെന്ന് പറഞ്ഞേക്ക്…” എന്ന വാചകമാണ് കുറിച്ചിരിക്കുന്നത്. ഇന്നലെ ഉച്ചയ്ക്ക് ഒരു മണിയോടെ മുഖ്യമന്ത്രി തന്റെ ഒന്നാം നമ്പർ കാറിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് ഈ കൗതുകകരമായ രാഷ്ട്രീയ ചിത്രം ക്യാമറയിൽ പതിഞ്ഞത്. പ്രമുഖ ഫോട്ടോഗ്രാഫർ കെ.ബി. ജയചന്ദ്രനാണ് ഈ ചിത്രം പകർത്തിയിരിക്കുന്നത്.
വിവിധ അഴിമതി ആരോപണങ്ങളിലും രാഷ്ട്രീയ വിവാദങ്ങളിലും മുഖ്യമന്ത്രിയെ കടന്നാക്രമിക്കുന്ന പ്രതിപക്ഷ നേതാവിന്റെ വെല്ലുവിളിയായിട്ടാണ് ഈ ബോർഡിനെ രാഷ്ട്രീയ നിരീക്ഷകർ കാണുന്നത്. ശബരിമല സ്വർണ്ണ കൊള്ള അടക്കം നിരവധി അഴിമതികളിൽ പ്രതിരോധത്തിലായ പിണറായി സതീശനെതിരെ പുനർജനി പദ്ധതിയിൽ അഴിമതി ഉന്നയിച്ച് സിബിഐ അന്വേഷണത്തിന് കോപ്പ് കൂട്ടുകയാണ്. പിണറായിയുടെ തന്നെ പോലിസും വിജിലൻസും അന്വേഷിച്ച ഒരു അഴിമതിയും ഇല്ലെന്ന് 3 തവണ കണ്ടെത്തിയ പദ്ധതിയാണ് പുനർജനി. തിരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെയുണ്ടായ ആരോപണ പ്രത്യാരോപണങ്ങൾ കത്തിനിൽക്കുന്ന സാഹചര്യത്തിൽ ഈ ചിത്രം അണികൾക്കിടയിൽ വലിയ രീതിയിൽ പ്രചരിക്കുന്നുണ്ട്.