കോട്ടയം: റോഡപകടങ്ങളുടെ പ്രധാന കാരണമായ ഡ്രൈവർമാരിലെ ഉറക്കക്ഷീണം (Drowsiness) കൃത്രിമ ബുദ്ധിയുടെ (AI) സഹായത്തോടെ മുൻകൂട്ടി കണ്ടെത്താനുള്ള നൂതന സംവിധാനം വികസിപ്പിച്ചെടുത്ത് മഹാത്മാഗാന്ധി സർവകലാശാല. ഈ നിർണ്ണായക കണ്ടുപിടുത്തത്തിന് കേന്ദ്ര സർക്കാരിന്റെ പേറ്റന്റ് ലഭിച്ചു.
എംജി സർവകലാശാല സ്‌കൂൾ ഓഫ് കമ്പ്യൂട്ടർ സയൻസസിലെ പ്രൊഫ. ഡോ. കെ.പി. പുഷ്പലത, ഗവേഷണ വിദ്യാർത്ഥിനി ഡോ. വിനീത വിജയൻ എന്നിവർ ചേർന്നാണ് ‘എ ഡ്രൗസിനസ് ഡിറ്റക്ഷൻ സിസ്റ്റം’ (A Drowsiness Detection System) എന്ന പേരിൽ ഈ സാങ്കേതികവിദ്യ വികസിപ്പിച്ചത്.
പ്രവർത്തനം ഇങ്ങനെ:
സവിശേഷമായ ‘മെട്രിക്-ലേണിംഗ് ആർക്കിടെക്ചർ’ അടിസ്ഥാനമാക്കിയാണ് ഈ സിസ്റ്റം പ്രവർത്തിക്കുന്നത്. ഡ്രൈവറുടെ മുഖഭാവങ്ങൾ, കണ്ണിന്റെ ചലനങ്ങൾ എന്നിവയിലെ ചെറിയ മാറ്റങ്ങൾ പോലും ഈ സംവിധാനം തത്സമയം നിരീക്ഷിക്കും. ഉറക്കത്തിന്റെ ലക്ഷണങ്ങൾ കണ്ടാലുടൻ മില്ലിസെക്കൻഡുകൾക്കുള്ളിൽ ഡ്രൈവർക്ക് മുന്നറിയിപ്പ് നൽകും. തെറ്റായ അലാറങ്ങൾ ഒഴിവാക്കാനും കൃത്യത ഉറപ്പാക്കാനും ആധുനിക എഐ സാങ്കേതികവിദ്യ ഇതിൽ ഉപയോഗിച്ചിട്ടുണ്ട്.
ബുദ്ധിപരമായ വിഷൻ അധിഷ്ഠിത സുരക്ഷാ സംവിധാനങ്ങളിലൂടെ റോഡപകടങ്ങൾ ഗണ്യമായി കുറയ്ക്കാൻ ഈ കണ്ടുപിടുത്തം സഹായിക്കുമെന്ന് ഗവേഷകർ വ്യക്തമാക്കി.