ബേൺ: സ്വിറ്റ്‌സർലൻഡിലെ ആഡംബര സ്കീ റിസോർട്ടായ ക്രാൻസ്-മൊണ്ടാനയിൽ (Crans-Montana) പുതുവത്സരാഘോഷത്തിനിടെയുണ്ടായ വൻ തീപിടുത്തത്തിൽ 40 പേർ കൊല്ലപ്പെട്ടു. നൂറിലധികം പേർക്ക് പരിക്കേറ്റതായാണ് റിപ്പോർട്ട്. പുതുവർഷം പിറന്ന് നിമിഷങ്ങൾക്കകം റിസോർട്ടിലെ പ്രശസ്തമായ ‘ലെ കോൺസ്റ്റലേഷൻ’ (Le Constellation) ബാറിലാണ് ദുരന്തമുണ്ടായത്.
ദുരന്തത്തിന് കാരണമായത് മെഴുകുതിരി?
ബാറിലെ ജീവനക്കാരി ഷാംപെയ്ൻ ബോട്ടിലിൽ കത്തിച്ച മെഴുകുതിരിയുമായി പോകുമ്പോൾ തടിയിൽ തീർത്ത മേൽക്കൂരയിലേക്ക് തീ പടർന്നതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിമിഷങ്ങൾക്കുള്ളിൽ തീ ആളിപ്പടരുകയും ബാറിനുള്ളിലാകെ പുക നിറയുകയുമായിരുന്നു. തടിയിൽ നിർമ്മിച്ച കെട്ടിടമായതിനാൽ തീ അതിവേഗം പടർന്നു പിടിച്ചു.
ഭീതിയുടെ നിമിഷങ്ങൾ; ജനാലകൾ തകർത്ത് പലായനം
തീ പടർന്നതോടെ ബാറിനുള്ളിൽ തിങ്ങിനിറഞ്ഞിരുന്ന നൂറുകണക്കിന് ആളുകൾ പരിഭ്രാന്തരായി ഓടി. പുക നിറഞ്ഞതോടെ കാഴ്ച തടസ്സപ്പെട്ടതായും ശ്വാസം മുട്ടിയതായും രക്ഷപ്പെട്ടവർ പറയുന്നു. രക്ഷപ്പെടാനായി ആളുകൾ ഗ്ലാസ് ജനാലകൾ തകർത്ത് പുറത്തേക്ക് ചാടുകയായിരുന്നു. പരിക്കേറ്റവരിൽ പലരുടെയും നില അതീവ ഗുരുതരമാണ്. സംഭവസമയത്ത് ബാറിൽ വിദേശ വിനോദസഞ്ചാരികളടക്കം വൻ ജനക്കൂട്ടമുണ്ടായിരുന്നു.
രക്ഷാപ്രവർത്തനം തുടരുന്നു
സംഭവത്തെത്തുടർന്ന് ഹെലികോപ്റ്ററുകളും ആംബുലൻസുകളും സ്ഥലത്തെത്തി പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി. പരിക്കേറ്റവരുടെ എണ്ണം കൂടുതലായതിനാൽ പ്രദേശത്തെ തീവ്രപരിചരണ വിഭാഗങ്ങൾ നിറഞ്ഞുകവിഞ്ഞതായാണ് റിപ്പോർട്ട്. കൊല്ലപ്പെട്ടവരുടെ മൃതദേഹങ്ങൾ തിരിച്ചറിയാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് സ്വിസ് അധികൃതർ അറിയിച്ചു.
മരിച്ചവരിൽ വിവിധ രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളുണ്ടെന്നാണ് സൂചന. സംഭവത്തിൽ സ്വിസ് പോലീസ് അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. ആഡംബര സ്കീയിംഗിന് പേരുകേട്ട ക്രാൻസ്-മൊണ്ടാനയെ ഞെട്ടിച്ചിരിക്കുകയാണ് ഈ പുതുവത്സര ദുരന്തം.