തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ മുൻ കേരള ചീഫ് സെക്രട്ടറി ജിജി തോംസൺ നടത്തിയ വെളിപ്പെടുത്തൽ അതീവ ഗൗരവമുള്ളതാണെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ. രാജ്യത്തെ തെരഞ്ഞെടുപ്പ് സംവിധാനത്തിന്റെ വിശ്വാസ്യതയെ തന്നെ ബാധിക്കുന്ന വിഷയമാണിതെന്നും ഗ്യാനേഷ് കുമാർ ഒരു നിമിഷം പോലും സ്ഥാനത്ത് തുടരരുതെന്നും സതീശൻ ആവശ്യപ്പെട്ടു.
ഗ്യാനേഷ് കുമാർ ബിജെപിയുടെ ഏജന്റായി പ്രവർത്തിച്ചുവെന്ന ആരോപണത്തിന് ഇനിയും തെളിവുകൾ ആവശ്യമില്ലെന്നാണ് സതീശന്റെ രൂക്ഷമായ പ്രതികരണം. ജനാധിപത്യ സംവിധാനത്തെ ബിജെപിക്ക് അനുകൂലമായി അട്ടിമറിക്കുന്ന രീതിയിലാണ് അദ്ദേഹം പ്രവർത്തിച്ചതെന്നും സതീശൻ പറഞ്ഞു.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശ്വാസ്യതയും നിഷ്പക്ഷതയും ബിജെപിക്ക് മുന്നിൽ ഗ്യാനേഷ്കുമാർ അടിയറ വച്ചു. രാജ്യത്തെ ഏറ്റവും പ്രധാനപ്പെട്ട ഭരണഘടനാ സ്ഥാപനങ്ങളിലൊന്നായ തിരഞ്ഞെടുപ്പ് കമ്മീഷൻ സ്വതന്ത്രമായും സുതാര്യമായും പ്രവർത്തിക്കേണ്ടതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
‘ജനാധിപത്യത്തിന് ഗുരുതര ഭീഷണി’
തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ശുദ്ധിയും സ്വാതന്ത്ര്യവും ഭരണഘടനാപരമായ ജനാധിപത്യത്തിന്റെ അടിസ്ഥാന ഘടകങ്ങളാണെന്ന് സതീശൻ പറഞ്ഞു. തിരഞ്ഞെടുപ്പ് കമ്മീഷനെ രാഷ്ട്രീയ താൽപര്യങ്ങൾക്ക് വിധേയമാക്കിയെന്ന ആരോപണം ജനാധിപത്യ സംവിധാനത്തിന് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ഇന്ത്യൻ ജനാധിപത്യത്തിന് വലിയ അപകടമാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്റെ സുതാര്യത, സത്യസന്ധത, നിഷ്പക്ഷത, ജനാധിപത്യബോധം എന്നിവയെല്ലാം തകർക്കുന്ന നടപടികളാണ് അദ്ദേഹത്തിന്റെ ഭാഗത്തുനിന്നുണ്ടായതെന്നും സതീശൻ കുറ്റപ്പെടുത്തി.
‘രാഹുൽ ഗാന്ധിയുടെ ആരോപണങ്ങൾ ശരിയാകുന്നു’
പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നേരത്തെ ഉന്നയിച്ചിരുന്ന ആരോപണങ്ങൾ ഇപ്പോൾ ശരിയാണെന്ന് തെളിയുകയാണെന്നും സതീശൻ പറഞ്ഞു. ബിജെപിയുമായി പരസ്പര സഹകരണത്തിൽ പ്രവർത്തിക്കുന്ന സ്ഥാപനമായി തിരഞ്ഞെടുപ്പ് കമ്മീഷൻ അധഃപതിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം.
തിരഞ്ഞെടുപ്പ് കമ്മീഷന്റെ സ്വതന്ത്ര സ്വഭാവം സംരക്ഷിക്കേണ്ടത് രാജ്യത്തെ ജനാധിപത്യത്തിന്റെ നിലനിൽപ്പിന് അനിവാര്യമാണ്. അതുകൊണ്ടുതന്നെ ഗ്യാനേഷ് കുമാർ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് കളങ്കമാകുമെന്നും സതീശൻ അഭിപ്രായപ്പെട്ടു.
