മയാമി: ലിയോണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ലീഗ്സ് കപ്പിൽ വിജയത്തുടക്കവുമായി ഇന്റർ മയാമി. മെക്സിക്കൻ ക്ലബ്ബായ അത്ലറ്റിക്കോ ഡി സാൻ ലൂയിസിനെ (Atlético de San Luis) രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി മെസ്സി കളത്തിൽ നിറഞ്ഞുനിന്നു.
മത്സരത്തിന്റെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിലൂടെ സാൻ ലൂയിസ് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 11-ാം മിനിറ്റിൽ നോഹ അല്ലന്റെ ക്രോസിൽ നിന്ന് മെസ്സി മയാമിക്കായി സമനില ഗോൾ നേടി. 26-ാം മിനിറ്റിൽ തെലാസ്കോ സെഗോവിയയിലൂടെ മയാമി ലീഡ് ഉയർത്തി.
44-ാം മിനിറ്റിൽ തന്റെ രണ്ടാം ഗോളിലൂടെ മെസ്സി സ്കോർ 3-1 ആക്കി. ആദ്യ പകുതിയുടെ അധിക സമയത്ത് മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് ഡിഫൻഡർ മിഖായേൽ മയാമിയുടെ നാലാം ഗോളും കണ്ടെത്തി. രണ്ടാം പകുതിയിൽ 51-ാം മിനിറ്റിൽ റാഫ ലോറെന്റെയിലൂടെ സാൻ ലൂയിസ് ഒരു ഗോൾ കൂടി മടക്കിയെങ്കിലും (4-2) തിരിച്ചുവരാൻ അവർക്കായില്ല.
ഈ ഇരട്ട ഗോളുകളോടെ ലീഗ്സ് കപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന താരമെന്ന റെക്കോർഡ് ലിയോണൽ മെസ്സി സ്വന്തമാക്കി (14 ഗോളുകൾ).