സാൻ ഫ്രാൻസിസ്കോ / സഹാരൻപൂർ: വലിയ ബിരുദങ്ങളും നീണ്ട പ്രവൃത്തിപരിചയവുമുള്ളവർ മാത്രം വാഴുന്ന സിലിക്കൺ വാലിയിലെ നിയമങ്ങളെ തിരുത്തിക്കുറിക്കുകയാണ് 25 വയസ്സുകാരിയായ ഹർഷിത അറോറ. ഉത്തർപ്രദേശിലെ സഹാരൻപൂർ സ്വദേശിയായ ഹർഷിത, ലോകത്തിലെ ഏറ്റവും പ്രശസ്തമായ സ്റ്റാർട്ടപ്പ് ഇൻകുബേറ്ററായ ‘വൈ കോമ്പിനേറ്ററിൻ്റെ’ (Y Combinator) ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ജനറൽ പാർട്ണറായി (General Partner) തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നു.
ഇന്ത്യയിലെ ഒരു ചെറിയ നഗരത്തിൽ നിന്നും ആഗോള സ്റ്റാർട്ടപ്പ് ലോകത്തിൻ്റെ നെറുകയിലേക്കുള്ള ഹർഷിതയുടെ വളർച്ച ഏതൊരു സിനിമയെയും വെല്ലുന്നതാണ്.
പഠനം ഉപേക്ഷിച്ച് കോഡിംഗിലേക്ക്
തൻ്റെ 13-ാം വയസ്സിലാണ് ഹർഷിത കോഡിംഗിനോട് താല്പര്യം കാണിച്ചുതുടങ്ങുന്നത്. പരമ്പരാഗത സ്കൂൾ വിദ്യാഭ്യാസം തൻ്റെ സ്വപ്നങ്ങൾക്ക് തടസ്സമാകുമെന്ന് തിരിച്ചറിഞ്ഞ താരം, പതിനഞ്ചാം വയസ്സിൽ സ്കൂൾ പഠനം പൂർണ്ണമായി ഉപേക്ഷിക്കാൻ ധീരമായ തീരുമാനമെടുത്തു.
16-ാം വയസ്സിൽ ഹർഷിത വികസിപ്പിച്ചെടുത്ത ‘ക്രിപ്റ്റോ പ്രൈസ് ട്രാക്കർ’ (Crypto Price Tracker) എന്ന ആപ്പ് ആപ്പിൾ സ്റ്റോറിൽ ഫീച്ചർ ചെയ്യപ്പെടുകയും പിന്നീട് ഒരു വിദേശ കമ്പനി അത് ഏറ്റെടുക്കുകയും ചെയ്തു. ഈ മികച്ച നേട്ടത്തിന് 2020-ൽ ഇന്ത്യയിലെ ഏറ്റവും ഉയർന്ന ബാല പുരസ്കാരമായ ‘പ്രധാനമന്ത്രി രാഷ്ട്രീയ ബാൽ ശക്തി പുരസ്കാരം’ പ്രധാനമന്ത്രി നരേന്ദ്ര മോദിയിൽ നിന്നും ഹർഷിത ഏറ്റുവാങ്ങി.
കൊവിഡിൽ തകരാത്ത ‘AtoB’ എന്ന സാമ്രാജ്യം
തുടർന്ന് അസാധാരണ പ്രതിഭകൾക്ക് നൽകുന്ന യു.എസ് ഒ-1 (O-1) വിസ സ്വന്തമാക്കി ഹർഷിത സാൻ ഫ്രാൻസിസ്കോയിലേക്ക് താമസം മാറി. അവിടെ വെച്ച് വിഘ്നൻ വെലിവേല, തുഷാർ മിശ്ര എന്നിവരുമായി ചേർന്ന് AtoB എന്ന സ്റ്റാർട്ടപ്പിന് രൂപം നൽകി.
2020-ൽ വൈ കോമ്പിനേറ്ററിൻ്റെ ഭാഗമായെങ്കിലും, കൊവിഡ് പ്രതിസന്ധി കാരണം അവരുടെ ആദ്യ ബിസിനസ്സ് പ്ലാൻ പരാജയപ്പെട്ടു. എന്നാൽ തോറ്റുപിന്മാറാൻ അവർ തയ്യാറായില്ല. കാലിഫോർണിയിലെ ട്രക്ക് ഡ്രൈവർമാരുമായി ആഴ്ചകളോളം സംസാരിച്ച് അവർ നേരിടുന്ന സാമ്പത്തിക ബുദ്ധിമുട്ടുകളെക്കുറിച്ച് പഠിച്ചു. ട്രക്കിംഗ് മേഖലയിലെ കാലഹരണപ്പെട്ട ഇന്ധന പേയ്മെൻ്റ് രീതികളും തട്ടിപ്പുകളും മനസ്സിലാക്കിയ അവർ തങ്ങളുടെ ബിസിനസ്സ് ആ വഴിക്ക് തിരിച്ചുവിട്ടു.
അങ്ങനെയാണ് ട്രക്കിംഗ് രംഗത്തെ ‘സ്ട്രൈപ്പ്’ (Stripe) എന്ന് വിശേഷിപ്പിക്കപ്പെടുന്ന AtoB ജനിക്കുന്നത്.
ട്രക്ക് ഡ്രൈവർമാർക്കും കമ്പനികൾക്കും സുതാര്യമായ ഫ്യുവൽ കാർഡുകൾ, തത്സമയ പേയ്മെൻ്റുകൾ, ഇൻസ്റ്റൻ്റ് പേഔട്ടുകൾ എന്നിവ ഈ ഫിൻടെക് പ്ലാറ്റ്ഫോം ഉറപ്പുനൽകുന്നു. നിലവിൽ അമേരിക്കയിലുടനീളം മുപ്പതിനായിരത്തിലധികം ട്രക്കിംഗ് സർവീസുകൾ ഉപയോഗിക്കുന്ന ഈ കമ്പനിയുടെ ഇന്നത്തെ മൂല്യം 800 മില്യൺ ഡോളറാണ് (ഏകദേശം 6,700 മുതൽ 7,000 കോടി ഇന്ത്യൻ രൂപ).
വൈ കോമ്പിനേറ്ററിലെ ചരിത്ര നേട്ടം
തൻ്റെ കമ്പനിയെ വൻ വിജയത്തിലേക്ക് നയിച്ച ശേഷം, പുതിയ സ്റ്റാർട്ടപ്പുകളെ വളർത്തിയെടുക്കാനുള്ള ചുമതലയാണ് ഹർഷിത ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത്. വൈ കോമ്പിനേറ്ററിൻ്റെ വിസിറ്റിംഗ് പാർട്ണറായി സേവനമനുഷ്ഠിച്ച ശേഷമാണ് ഹർഷിതയെ ഇപ്പോൾ ജനറൽ പാർട്ണർ പദവിയിലേക്ക് ഉയർത്തിയത്.
യഥാർത്ഥ പ്രശ്നങ്ങൾ കണ്ടെത്തി അവയ്ക്ക് പരിഹാരം കാണാനുള്ള കഴിവും കഠിനാധ്വാനവും ഉണ്ടെങ്കിൽ ബിരുദങ്ങൾ ഒന്നുമില്ലെങ്കിലും ലോകത്തിൻ്റെ നെറുകയിൽ എത്താം എന്ന് തെളിയിക്കുകയാണ് ഈ ഇന്ത്യൻ പെൺകുട്ടി.