ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് സമീപമുള്ള മൂന്ന് പ്രധാന ചേരികൾ ഒഴിപ്പിക്കാൻ കേന്ദ്ര സർക്കാർ നടപടി തുടങ്ങി. റേസ് കോഴ്‌സ് റോഡിലെ (ലോക് കല്യാൺ മാർഗ്) ഭായ് രാം ക്യാമ്പ്, മസ്ജിദ് ക്യാമ്പ്, ഡി.ഐ.ഡി (DID) ക്യാമ്പ് എന്നീ ചേരികളിലെ 700-ലധികം കുടുംബങ്ങൾക്കാണ് കേന്ദ്ര നഗരവികസന മന്ത്രാലയം ഒഴിഞ്ഞുപോകാണമെന്നാവശ്യപ്പെട്ട് നോട്ടീസ് നൽകിയത്.
മാർച്ച് 6-നകം നിലവിലെ താമസസ്ഥലം ഒഴിഞ്ഞ് സർക്കാര്‍ അനുവദിച്ച പുനരധിവാസ ഫ്ലാറ്റുകളിലേക്ക് മാറണമെന്നാണ് നിർദ്ദേശം. വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ സാവ്ദ ഘേവ്രയിലുള്ള ഡിയുഎസ്ഐബി (DUSIB) കോളനിയിലാണ് ഇവർക്ക് പകരം വീടുകൾ അനുവദിച്ചിരിക്കുന്നത്. 2024 ജനുവരിയിൽ നടത്തിയ സർവേയുടെ അടിസ്ഥാനത്തിൽ അർഹരായ 717 കുടുംബങ്ങളെയാണ് പുനരധിവാസത്തിനായി കണ്ടെത്തിയിട്ടുള്ളത്.
പ്രധാനമന്ത്രിയുടെ പുതിയ വസതിയുടെ നിർമ്മാണവും സുരക്ഷാ ക്രമീകരണങ്ങളും കണക്കിലെടുത്താണ് ഈ അടിയന്തര നടപടിയെന്നാണ് സൂചന. കേന്ദ്ര ഗവൺമെന്റിന്റെ ഭൂമിയിലുള്ള അനധികൃത താമസക്കാർ ഒഴിയണമെന്ന് കാട്ടി നേരത്തെയും നോട്ടീസ് നൽകിയിരുന്നു. എന്നാൽ, തങ്ങൾ പതിറ്റാണ്ടുകളായി താമസിക്കുന്ന ഇടത്തുനിന്ന് 45 കിലോമീറ്ററോളം അകലെയുള്ള സ്ഥലത്തേക്ക് മാറുന്നത് ജീവിതമാർഗത്തെ ബാധിക്കുമെന്ന ആശങ്കയിലാണ് ചേരി നിവാസികൾ.
ഭൂരിഭാഗം താമസക്കാരും സമീപത്തെ ബംഗ്ലാവുകളിൽ വീട്ടുജോലിക്കാരോ കുതിരലായങ്ങളിലെ തൊഴിലാളികളോ ആയി ജോലി ചെയ്യുന്നവരാണ്. പുതിയ സ്ഥലത്തേക്ക് മാറുന്നത് തങ്ങളുടെ വരുമാനത്തെയും കുട്ടികളുടെ പഠനത്തെയും തകർക്കുമെന്ന് ഇവർ പരാതിപ്പെടുന്നു. അതേസമയം, കുടിയൊഴിപ്പിക്കൽ നടപടികളുമായി സഹകരിക്കാത്തവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
![]()
