തിരുവനന്തപുരം: ഏറെ നാടകീയതകൾക്കൊടുവിൽ തിരുവനന്തപുരം കോർപ്പറേഷൻ മേയർ സ്ഥാനത്തേക്ക് വി.വി. രാജേഷിനെ പ്രഖ്യാപിച്ച് ബിജെപി. മേയർ ആകുമെന്ന് രാഷ്ട്രീയ കേന്ദ്രങ്ങൾ ഉറച്ചുവിശ്വസിച്ചിരുന്ന മുൻ ഡിജിപി ആർ. ശ്രീലേഖയ്ക്ക് അപ്രതീക്ഷിത തിരിച്ചടിയാണ് പാർട്ടി നേതൃത്വത്തിൽ നിന്നും ഉണ്ടായത്. ബിജെപി നേതൃത്വത്തിലെ ഒരു പ്രബല വിഭാഗം ശ്രീലേഖയുടെ സ്ഥാനാർത്ഥിത്വത്തെ ശക്തമായി എതിർത്തതോടെയാണ് നറുക്ക് വി.വി രാജേഷിന് വീണത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നേരിട്ട് ഇടപെട്ടാണ് ശ്രീലേഖയെ മത്സരരംഗത്ത് ഇറക്കിയിരുന്നത്. ഭരണം ലഭിച്ചാൽ മേയർ പദവി നൽകാമെന്ന ഉറപ്പിലായിരുന്നു ശ്രീലേഖ വോട്ട് തേടിയത്. എന്നാൽ പ്രാദേശിക നേതൃത്വത്തിന്റെ കടുത്ത സമ്മർദ്ദത്തിന് മുന്നിൽ കേന്ദ്ര നിർദ്ദേശം വഴിമാറുകയായിരുന്നു.
അപ്രതീക്ഷിതമായി മേയർ സ്ഥാനം നഷ്ടമായ ശ്രീലേഖയെ അനുനയിപ്പിക്കാൻ അമിത് ഷാ തന്നെ വീണ്ടും രംഗത്തെത്തിയതായാണ് വിവരം. വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വട്ടിയൂർക്കാവ് മണ്ഡലത്തിൽ നിന്നും ശ്രീലേഖയെ മത്സരിപ്പിക്കാമെന്ന പുതിയ വാഗ്ദാനമാണ് കേന്ദ്ര നേതൃത്വം നൽകിയിരിക്കുന്നത്. ഇതോടെ തലസ്ഥാനത്തെ ബിജെപി പാളയത്തിൽ തർക്കങ്ങൾ തൽക്കാലം അടങ്ങിയെങ്കിലും വരും ദിവസങ്ങളിൽ ഇത് എങ്ങനെയൊക്കെ പ്രതിഫലിക്കുമെന്ന് കണ്ടറിയണം.