കൊച്ചി: ഉറപ്പാണ് 2 ഗഡു ഡിഎ ! ജീവനക്കാരോടുള്ള സ്നേഹം കൊണ്ടല്ല സർക്കാർ ഡിഎ തരുന്നത്. ഹൈക്കോടതി ഇടപെടൽ ആണ് ഡി.എ തരാൻ സർക്കാരിനെ നിർബന്ധിതരാക്കിയത്.
സംസ്ഥാന സർക്കാർ ജീവനക്കാരുടെ ക്ഷാമബത്ത (ഡിഎ) കുടിശ്ശികയുമായി ബന്ധപ്പെട്ട കേസ് ഇന്ന് ബഹു. ഹൈക്കോടതി പരിഗണിച്ചു. കേസ് പരിഗണിക്കുന്നത് വെക്കേഷൻ ശേഷം ജനുവരി 15-ലേക്ക് അന്തിമവാദത്തിനായി മാറ്റിവെച്ചെങ്കിലും, സർക്കാരിന്റെ ഭാഗത്തുനിന്നുള്ള പ്രതികരണം നിർണായകമായി.
സർക്കാരിന് കൗണ്ടർ ഫയൽ ചെയ്യാൻ ഇനിയും സമയം അനുവദിക്കില്ലെന്ന് കോടതി കർശന നിലപാട് സ്വീകരിച്ചു. ഇതിനെത്തുടർന്ന്, കോടതിയുടെ അന്തിമ വിധി വരുന്നതിനുമുമ്പായി ഒന്നോ രണ്ടോ ഗഡു ഡിഎ പ്രഖ്യാപിക്കാനുള്ള സാധ്യതകൾ സർക്കാർ പരിശോധിക്കുന്നുണ്ടെന്ന് സർക്കാർ അഭിഭാഷകൻ വാക്കാൽ കോടതിയിൽ അറിയിച്ചു.
ജീവനക്കാർക്ക് ഡിഎ അനുവദിക്കുന്നത് സർക്കാരിന്റെ ഔദാര്യമല്ല, മറിച്ച് ഹൈക്കോടതിയുടെ ഇടപെടലാണ് സർക്കാരിനെ ഡിഎ നൽകാൻ നിർബന്ധിതരാക്കുന്നതെന്ന സൂചനകളാണ് പുറത്തുവരുന്നത്. കോടതിയുടെ കർശനമായ നിലപാട് ജീവനക്കാർക്ക് അനുകൂലമായ വിധിയിലേക്ക് വഴിയൊരുക്കുമെന്ന പ്രതീക്ഷയിലാണ് ജീവനക്കാരുടെ സംഘടനകൾ.
![]()
