തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ നിർണ്ണായക മാറ്റങ്ങൾക്ക് കളമൊരുങ്ങുന്നു. ഒരു സി.പി.എം എം.എൽ.എ ഉടൻ തന്നെ യു.ഡി.എഫിൽ ചേരുമെന്നാണ് പുറത്തുവരുന്ന സൂചനകൾ. പിണറായി വിജയൻ ക്യാമ്പുമായി വളരെക്കാലമായി അകന്നുനിൽക്കുന്ന എം.എൽ.എയാണ് ഈ രാഷ്ട്രീയ മാറ്റത്തിന് തയ്യാറെടുക്കുന്നത്.
തദ്ദേശ സ്വയംഭരണ തിരഞ്ഞെടുപ്പ് അവസാനിക്കുന്നതോടെ യു.ഡി.എഫ് വിപുലീകരണം ഉണ്ടാകുമെന്നും റിപ്പോർട്ടുകളുണ്ട്. പി.വി. അൻവർ, സി.കെ. ജാനു, വിഷ്ണുപുരം ചന്ദ്രശേഖർ എന്നിവരുടെ പാർട്ടികൾ യു.ഡി.എഫിന്റെ ഭാഗമാകാൻ ചർച്ചകൾ നടത്തിവരികയാണ്.
പിണറായി ഭരണത്തിന് തിരശീല?
പിണറായി വിജയന്റെ പത്ത് വർഷത്തെ ഭരണത്തിന് തിരശീല വീഴുമെന്ന വിലയിരുത്തലുകൾ ശക്തമാവുന്നതിനിടെ, എൽ.ഡി.എഫിലെ ചില ഘടകകക്ഷികളും മുന്നണി വിടാൻ ശ്രമിക്കുന്നുണ്ട്. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിച്ചാലുടൻ ഇക്കാര്യത്തിൽ നിർണ്ണായക തീരുമാനം ഉണ്ടാകും. ഇത് വഴി 2026-ലെ തിരഞ്ഞെടുപ്പിൽ പുതിയൊരു യു.ഡി.എഫിനെ കാണാൻ സാധിക്കുമെന്നാണ് വിലയിരുത്തൽ.
തദ്ദേശ തിരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ ജോസ് കെ. മാണിയുടെ നേതൃത്വത്തിലുള്ള കേരള കോൺഗ്രസ് (എം) എൽ.ഡി.എഫ് വിട്ട് യു.ഡി.എഫിലേക്ക് മടങ്ങിയേക്കുമെന്നും രാഷ്ട്രീയ നിരീക്ഷകർ പറയുന്നു. പിണറായി വിജയൻ എന്ന ‘കപ്പിത്താൻ’ നയിക്കുന്ന കപ്പൽ മുങ്ങിത്താഴുകയാണെന്ന വ്യക്തമായ സൂചനകളാണ് ഈ രാഷ്ട്രീയ നീക്കങ്ങൾ നൽകുന്നത്.
![]()
