തിരുവനന്തപുരം: പ്രശസ്ത സംവിധായകനും മുൻ എം.എൽ.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ ലൈംഗികാതിക്രമ പരാതിയിൽ പോലീസ് കേസെടുത്തു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തി (IFFK)ന്റെ സ്ക്രീനിംഗിനോടനുബന്ധിച്ച് തിരുവനന്തപുരത്തെ ഹോട്ടൽ മുറിയിൽ വെച്ച് അതിക്രമം നടന്നുവെന്നാണ് ഒരു ചലച്ചിത്ര പ്രവർത്തകയുടെ പരാതി.
ചലച്ചിത്ര പ്രവർത്തകയുടെ പരാതിയിൽ പോലീസ് എഫ്.ഐ.ആർ (First Information Report) രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. സിനിമകൾ തിരഞ്ഞെടുക്കുന്നതിനുള്ള ജൂറി ചെയർമാൻ സ്ഥാനത്ത് ഇരിക്കവേയാണ് കുഞ്ഞുമുഹമ്മദ് അപമര്യാദയായി പെരുമാറിയതെന്നാണ് പരാതിയിൽ പറയുന്നത്. പരാതിക്കാരിയും ഇതേ ജൂറിയിലെ അംഗമായിരുന്നു.
കഴിഞ്ഞ മാസം നടന്ന സംഭവത്തെക്കുറിച്ച് ആദ്യം മുഖ്യമന്ത്രിക്കാണ് ചലച്ചിത്ര പ്രവർത്തക രേഖാമൂലം പരാതി നൽകിയത്. പരാതിയുടെ ഗൗരവം കണക്കിലെടുത്ത് മുഖ്യമന്ത്രി ഇത് തുടർനടപടിക്കായി പോലീസിന് കൈമാറി. പോലീസ് പരാതിക്കാരിയുടെ വിശദമായ മൊഴി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രിക്ക് നൽകിയ പരാതിയിൽ ഉന്നയിച്ച കാര്യങ്ങൾ തന്നെയാണ് മൊഴിയിലും പരാതിക്കാരി ആവർത്തിച്ചത്.
തിരുവനന്തപുരത്തെ ഹോട്ടലിൽ വെച്ചാണ് അതിക്രമം നടന്നതെന്നതിനാൽ സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങൾ പോലീസ് വിശദമായി പരിശോധിച്ചു വരികയാണ്. മുൻ എം.എൽ.എയും സി.പി.എം സഹയാത്രികനുമാണ് പി.ടി. കുഞ്ഞുമുഹമ്മദ്.
![]()
