തിരുവനന്തപുരം: ശബരിമല ശ്രീകോവിലിലെ കട്ടിളപ്പാളിയിലെ സ്വർണം മോഷണം പോയ കേസിൽ നിർണ്ണായക വഴിത്തിരിവ്. മുൻ ദേവസ്വം ബോർഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എൻ. വാസുവിനെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി.) അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി പിണറായി വിജയന്റെ വിശ്വസ്തരിൽ ഒരാളായ എൻ. വാസുവിനെ കേസിലെ മൂന്നാം പ്രതിയായാണ് ഉൾപ്പെടുത്തിയിരുന്നത്.
മുഖ്യമന്ത്രി പിണറായി വിജയന്റെ അതിവിശ്വസ്തനായി അറിയപ്പെടുന്ന ആളാണ് എന്‍ വാസു. സ്ത്രീപ്രവേശന വിഷയം വന്നപ്പോള്‍ എന്നത്തെ ദേവസ്വം പ്രസിഡന്റായിരുന്ന എ പദ്മകുമാര്‍ സര്‍ക്കാര്‍ നിലപാടിന് എതിരായിരുന്നു. എന്നാല്‍ വാസുവിനെ ഉപയോഗിച്ചാണ് മുഖ്യമന്ത്രി സര്‍ക്കാര്‍ നിലപാട് ദേവസ്വം ബോര്‍ഡിന് കൊണ്ട് നടപ്പിലാക്കിച്ചത്. ഇതിന്റെ കൂടി പ്രത്യുപകാരമായിരുന്നു ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് സ്ഥാനം എന്ന് അന്ന് തന്നെ ആരോപണം ഉയര്‍ന്നിരുന്നു.
കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രധാന പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റിയുടെ കസ്റ്റഡി റിപ്പോർട്ടിലാണ് എൻ. വാസുവിന്റെ പങ്ക് വ്യക്തമാക്കിയത്. 2019-ൽ വാസു ദേവസ്വം കമ്മീഷണറായിരുന്ന കാലത്താണ് സ്വർണ്ണം ചെമ്പായി രേഖപ്പെടുത്തിയത്.
നിർണ്ണായകമായ തെളിവുകൾ
സ്വർണ്ണപ്പാളി ചെമ്പാണെന്ന് രേഖപ്പെടുത്താൻ നിർദ്ദേശം നൽകിയത് എൻ. വാസുവിന്റെ നിർദ്ദേശപ്രകാരമാണെന്നാണ് എസ്.ഐ.ടി.യുടെ കണ്ടെത്തൽ. സ്വർണ്ണം മോഷ്ടിച്ച ശേഷം, ബാക്കിയുണ്ടായിരുന്ന സ്വർണ്ണം നിർധനയായ ഒരു പെൺകുട്ടിയുടെ വിവാഹാവശ്യത്തിന് ഉപയോഗിക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒന്നാം പ്രതിയായ ഉണ്ണികൃഷ്ണൻ പോറ്റി വാസുവിന് കത്തയച്ചിരുന്നു.
ഈ കത്തിൽ തുടർനടപടിക്കായി അന്നത്തെ എക്സിക്യൂട്ടീവ് ഓഫീസറായിരുന്ന സുധീഷ് കുമാറിന് കൈമാറാൻ വാസു ശുപാർശ ചെയ്തതും കേസിൽ നിർണ്ണായകമായി. ഈ രേഖാ വ്യത്യാസങ്ങളിലൂടെയാണ് പ്രധാനമായും തട്ടിപ്പ് നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം.
തുടർന്ന് എൻ. വാസുവിനെ ചോദ്യം ചെയ്യുകയും ശക്തമായ തെളിവുകളുടെ അടിസ്ഥാനത്തിൽ അറസ്റ്റ് രേഖപ്പെടുത്തുകയുമായിരുന്നു. കേസ് ഉന്നതതലങ്ങളിലേക്ക് നീങ്ങുന്നതിന്റെ സൂചനകളാണ് ഈ അറസ്റ്റിലൂടെ പുറത്തുവരുന്നത്.