തിരുവനന്തപുരം: കെ. മുരളീധരൻ്റെ നേതൃത്വത്തിൽ തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉഷാറായതോടെ ഭരണ കക്ഷിയായ എൽ ഡി എഫും മുഖ്യ പ്രതിപക്ഷമായ ബി.ജെ.പിയും ആകാംഷയോടെയാണ് കാര്യങ്ങൾ നിരീക്ഷിക്കുന്നത്. പ്രചാരണത്തിൽ മുന്നിൽ നിന്ന് നയിക്കുന്ന മുരളീധരൻ ഒരു ‘വോട്ട് കടം വീട്ടൽ’ സംഭവം തുറന്നുപറഞ്ഞതാണ് ഇപ്പോൾ ശ്രദ്ധേയമാകുന്നത്.
കെ.എസ്. ശബരിനാഥനോടുള്ള തന്റെ ‘കടം’ വീട്ടാനാണ് മുരളീധരൻ്റെ തീരുമാനം. 2016-ൽ വട്ടിയൂർക്കാവിൽ കെ. മുരളീധരൻ മത്സരിച്ചപ്പോൾ, അന്നത്തെ വോട്ടർ ആയിരുന്ന കെ.എസ്. ശബരിനാഥ് അദ്ദേഹത്തിന് വോട്ട് ചെയ്തു. ഇത്തവണ, ശബരിനാഥ് കവടിയാറിൽ കോർപ്പറേഷൻ സ്ഥാനാർത്ഥിയായി മത്സരിക്കുമ്പോൾ, കവടിയാറിലെ വോട്ടറാണ് കെ. മുരളീധരൻ. ശബരിക്ക് വോട്ട് ചെയ്ത് താൻ ആ കടം വീട്ടുമെന്ന് മുരളീധരൻ പറഞ്ഞു.
തിരുവനന്തപുരം കോർപ്പറേഷൻ തെരഞ്ഞെടുപ്പിൻ്റെ മുഖ്യ ചുമതല കോൺഗ്രസ് നൽകിയിരിക്കുന്നത് കെ. മുരളീധരനാണ്. സ്ഥാനാർത്ഥികളെ വേഗത്തിൽ പ്രഖ്യാപിച്ച് ഒറ്റക്കെട്ടായ പ്രചാരണത്തിന് തുടക്കമിടാനും അദ്ദേഹത്തിന് സാധിച്ചു. ഉരുളയ്ക്കുപ്പേരി പോലെ സംസാരിക്കാൻ കഴിവുള്ള മുരളീധരൻ എത്തിയതോടെ തിരുവനന്തപുരത്തെ കോൺഗ്രസുകാർക്ക് പുത്തനുണർവ് ലഭിച്ചു.
’കോൺഗ്രസിന് എന്ത് പറ്റി?’ എന്ന് മറ്റ് പാർട്ടികൾ ചോദിക്കുമ്പോൾ, നയിക്കാൻ ലീഡർ കെ. കരുണാകരൻ്റെ മകൻ കെ. മുരളീധരൻ എത്തുമ്പോൾ കോൺഗ്രസ് ഇതല്ല ഇതിലപ്പുറവും കാണിക്കുമെന്നാണ് വിലയിരുത്തൽ. കോൺഗ്രസിൻ്റെ തിരുവനന്തപുരത്തെ ഈ മുന്നേറ്റം മുഖ്യമന്ത്രി പിണറായി വിജയൻ സസൂഷ്മം നിരീക്ഷിക്കുന്നുണ്ട്. ഇന്റലിജൻസ് റിപ്പോർട്ടുകൾ കോൺഗ്രസിന് അനുകൂലമാണെന്ന സൂചനകൾക്കിടെ മികച്ച സ്ഥാനാർത്ഥികളെ കണ്ടെത്തണമെന്നാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.
![]()
