തിരുവനന്തപുരം: കോൺഗ്രസ് നേതാവും മുൻ എം.എൽ.എയുമായ കെ.എസ്. ശബരിനാഥൻ വീണ്ടും തിരഞ്ഞെടുപ്പ് രംഗത്തേക്ക്. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്ന വിവരം അദ്ദേഹം ഫേസ്ബുക്കിലൂടെ പങ്കുവെച്ചു. തന്റെ രാഷ്ട്രീയ പ്രവേശനത്തിന്റെ ഓർമ്മകളും പുതിയ ദൗത്യമേൽക്കുമ്പോഴുള്ള വൈകാരിക നിമിഷങ്ങളും പങ്കുവെച്ച കുറിപ്പ് ഇപ്പോൾ ശ്രദ്ധേയമാവുകയാണ്.
അരുവിക്കരയിലേക്ക് വിളിച്ച ആ നിമിഷം…
2015 മെയ് മാസത്തിലെ ഒരു സംഭവം ഓർത്തെടുത്താണ് ശബരിനാഥൻ കുറിപ്പ് ആരംഭിക്കുന്നത്. “ടാറ്റാ ട്രസ്റ്റിന്റെ ഒരു സുപ്രധാന മീറ്റിംഗിൽ പങ്കെടുക്കുവാൻ വേണ്ടി മുംബൈയിൽ നിന്ന് ഡൽഹിയിൽ യാത്ര ചെയ്യാൻ ഒരുങ്ങുമ്പോഴാണ് നാട്ടിലേക്ക് ഉടനെ തിരികെ വരണം എന്ന് പറഞ്ഞുകൊണ്ട് ഉമ്മൻ ചാണ്ടി സാറും ശ്രീ രമേശ് ചെന്നിത്തലയും ശ്രീ വി.എം. സുധീരനും ഒരു ഫോണിൽ എന്നെ വിളിക്കുന്നത്.” അരുവിക്കര ഉപതിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിയാകാൻ സമ്മതം മൂളിയത് വ്യക്തിപരമായ കാര്യങ്ങൾ പരിഗണിച്ചല്ലെന്നും, കോൺഗ്രസ് പാർട്ടിയോടുള്ള വൈകാരിക ബന്ധവും സ്വന്തം നാടിനുവേണ്ടി പ്രവർത്തിക്കണം എന്നുള്ള അതിയായ ആഗ്രഹവുമാണ് തന്നെ നയിച്ചതെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
കവടിയാറിലെ പുതിയ ദൗത്യം
11 വർഷത്തെ സംഘടന പ്രവർത്തനത്തിന്റെയും പാർലമെന്ററി പരിചയത്തിന്റെയും അനുഭവസമ്പത്തോടെ നിൽക്കുന്ന ഈ ഘട്ടത്തിൽ പാർട്ടി തന്നെ ഒരു പുതിയ ദൗത്യം ഏൽപ്പിക്കുകയാണെന്ന് അദ്ദേഹം കുറിച്ചു. തിരുവനന്തപുരം കോർപ്പറേഷനിലെ കവടിയാർ വാർഡിൽ യു.ഡി.എഫ് സ്ഥാനാർഥിയായി മത്സരിക്കുമ്പോൾ ഇപ്പോഴും തന്നെ നയിക്കുന്നത് കേരളത്തിനോടും തിരുവനന്തപുരത്തോടുമുള്ള അടങ്ങാത്ത സ്നേഹവും അതിനോടൊപ്പം കോൺഗ്രസ് ആദർശങ്ങളിലെ വിശ്വാസവുമാണ്.
ഒറ്റക്കെട്ടായി ഈ ഉദ്യമം തുടങ്ങുകയാണെന്നും എല്ലാവരുടെയും സഹായവും സ്നേഹവും പ്രാർത്ഥനയും ഉണ്ടാകുമെന്ന വിശ്വാസമുണ്ടെന്നും പറഞ്ഞാണ് അദ്ദേഹം കുറിപ്പ് അവസാനിപ്പിക്കുന്നത്. വരും ദിവസങ്ങളിൽ കൂടുതൽ എഴുതാം, സംവദിക്കാം, കാണാം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
![]()
