കോഴിക്കോട് : വിവാഹശേഷം ഭർത്താവിനൊപ്പമുള്ള ആദ്യ വിദേശയാത്രയുടെ മനോഹരമായ വിശേഷങ്ങൾ പങ്കുവെച്ച് പ്രിയ ഗായികയും അവതാരകയുമായ റിമി ടോമി. കസാക്കിസ്ഥാനിൽ ചെലവഴിച്ച അഞ്ച് മനോഹര ദിനങ്ങളുടെ ഓർമ്മകളാണ് താരം തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ ആരാധകരുമായി പങ്കുവെച്ചത്.
പുതിയ ഇടങ്ങൾ, രുചികരമായ ഭക്ഷണം, അവസാനിക്കാത്ത പൊട്ടിച്ചിരികൾ, എണ്ണിയാലൊടുങ്ങാത്ത ചിത്രങ്ങൾ എന്നിവയാൽ സമ്പന്നമായിരുന്നു ഈ അഞ്ച് ദിവസങ്ങളെന്ന് റിമി കുറിച്ചു. ലോകം ചുറ്റിക്കാണാനും പുതിയ കാര്യങ്ങൾ കണ്ടെത്താനും ഓരോ ചെറിയ നിമിഷവും ഒരുമിച്ച് ആസ്വദിക്കാനും തങ്ങൾ ഇരുവർക്കും ഒരുപോലെ ഇഷ്ടമാണെന്നും താരം കുറിപ്പിൽ വ്യക്തമാക്കുന്നു.
”ഈ അഞ്ച് ദിവസങ്ങൾ ഇത്ര വേഗം കടന്നുപോയത് അറിഞ്ഞതേയില്ല. നിങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ഒരാൾക്കൊപ്പം ഓർമ്മകൾ സൃഷ്ടിക്കുമ്പോൾ അങ്ങനെയായിരിക്കും സംഭവിക്കുക,” എന്ന ഹൃദയസ്പർശിയായ വാക്കുകളോടെയാണ് റിമി കുറിപ്പ് അവസാനിപ്പിക്കുന്നത്. പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ നിരവധി ആരാധകരും സഹപ്രവർത്തകരുമാണ് നവദമ്പതികൾക്ക് ആശംസകളുമായി എത്തുന്നത്.